pinarayi

തിരുവനന്തപുരം: ഇന്റർനെറ്ര് സൗകര്യമൊരുക്കാൻ നാട്ടിലൊരുപാട് കുത്തക കമ്പനികളുള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിന് അതേറ്രെടുക്കണമെന്നാണ് കെ-ഫോൺ പദ്ധതിക്കെതിരായ അന്വേഷണത്തിലൂടെ കേന്ദ്ര അന്വേഷണ ഏജൻസികൾ പരോക്ഷമായി ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'അവരോട് അതേ നാണയത്തിൽ പറയുകയാണ്, അതങ്ങ് മനസിൽ വച്ചാൽ മതി. ഒരു കുത്തകയുടെയും വക്കാലത്തുമെടുത്ത് ഇങ്ങോട്ട് വരേണ്ട. നിങ്ങൾക്കെന്തിനാണ് കെ-ഫോൺ, അതിനൊക്കെ ഇവിടെ വേറെയാളുകളില്ലേ എന്ന താത്പര്യവും വച്ചാണ് നീക്കങ്ങൾ. ആ താല്പര്യവും വച്ച് അവിടെയിരുന്നാൽ മതി. ഇങ്ങോട്ട് വരേണ്ട"- കടുത്ത സ്വരത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വികസനപ്രവർത്തനങ്ങളോട് നാടും ജനങ്ങളും അനുകൂലമാണ്. എന്നാൽ ചിലർക്കുള്ള പ്രയാസം, അത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണല്ലോ നടക്കുന്നത് എന്നതിലാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ധർമ്മം. കേരളത്തിന് മികച്ച ഗവേണൻസിനുള്ള അവാർഡ് തുടർച്ചയായി ലഭിക്കുന്നതിൽ വിപുലമായ പങ്ക് നിർവഹണോദ്യോഗസ്ഥർക്കുണ്ട്. ആ ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യാരാജ്യത്തെ ഒരേയൊരു അന്വേഷണ ഏജൻസിയൊഴിച്ച് എല്ലാ ഏജൻസികളും വട്ടമിട്ട് പറക്കുകയാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ നിസ്സംഗരാക്കുന്ന നിലയിൽ ഇടപെടുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ലൈഫ് പദ്ധതി കൊണ്ട് ഗുണം കിട്ടുന്നത് വീടൊരു സ്വപ്നമായി മാത്രം കണ്ട് മണ്ണടിഞ്ഞ് പോകുന്ന ലക്ഷങ്ങൾക്കാണ്. അതിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ, ഒന്നിന് പിറകെ ഒന്നായി ഏജൻസികൾ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതെന്തിനാണ്?

യുവതയുടെ പ്രതീക്ഷയായ കെ-ഫോൺ ചിലർക്ക് പ്രയാസമുണ്ടാക്കും. ദീർഘകാലമായി ഷെൽഫിൽ കിടന്നിരുന്ന ടോറസ് പദ്ധതിയോട് സർക്കാർ താത്പര്യം കാട്ടിയത് പതിനയ്യായിരം യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നതിനാലാണ്. നാടിനോട് താത്പര്യമുള്ള സർക്കാർ ഇതിനോടും താത്പര്യം കാട്ടുക സ്വാഭാവികമല്ലേ.

ഏതാനും വികലമനസുകളുടെ താത്പര്യത്തിനൊത്ത് തുള്ളിക്കളിക്കേണ്ടവരായി അന്വേഷണ ഏജൻസികൾ മാറരുത്. 2016ൽ എന്താണോ ഉണ്ടായിരുന്നത്, അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതിനോട് രാഷ്ട്രീയ വിയോജിപ്പുള്ളവരുണ്ട്. ആരൊക്കെ എതിർത്താലും നാടും ജനങ്ങളും ഏല്പിച്ച ഉത്തരവാദിത്വം സർക്കാർ ഇനിയും നിറവേറ്റും. ശിവശങ്കറിന്റേതായി ഇന്നലെ പുറത്തുവന്ന മൊഴിയിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.