vvpat-

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവയിൽ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സർക്കാർ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി പൊതുസ്ഥലം നീക്കി വച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തണം. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തണം. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണം. നീക്കം ചെയ്തില്ലെങ്കിൽ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും , ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.

 ലഘുലേഖകൾ നിയമവിധേയം

രാഷ്ട്രീയകക്ഷികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിനായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണം. അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കണം. ഇത് ലംഘിച്ചാൽ ആറു മാസത്തോളം തടവുശിക്ഷയോ 2000രൂപ പിഴയോ ശിക്ഷ ലഭിക്കും.