ഇരിട്ടി: കൂട്ടുപുഴയിൽ പലചരക്ക് കച്ചവടത്തിന്റെ മറവിൽ വിൽപ്പനക്കെത്തിച്ച 3000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ എക്‌സൈസ് സംഘം പിടികൂടി. കൂട്ടുപുഴ പാലത്തിന് സമീപത്തെ വ്യാപാരിയായ കിണവക്കൽ മജീദിന്റെ പലചരക്ക് കടയിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഒരു മാസം മുൻപ് ഇയാളുടെ ഇതേ കടയിൽ നിന്നും 22 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. നിരവധിതവണ പൊലീസും എക്‌സൈസും പുകയില ഉൽപന്നങ്ങളുമായി മജീദിനെ പിടികൂടിയിട്ടുണ്ട് . കർണാടകത്തിൽ നിന്നും ചെറിയ തുകയ്ക്ക് കൂട്ടുപ്പുഴയിൽ എത്തിച്ച് മൊത്തമായും ചില്ലറയായും വിൽപന നടത്തി വരികയായിരുന്നു.ഇരിട്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ഫ്രാൻസിസ്, ഷൈബി കുര്യൻ, കെ. രമീഷ്, ഡ്രൈവർ കെ.ടി. ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.