കണ്ണൂർ: കൊറ്റാളിയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്യപസംഘങ്ങൾക്കും കഞ്ചാവ് മാഫിയ സംഘത്തിനുമെതിരെ കണ്ണൂർ ടൗൺ പൊലീസ് പരിശോധന ശക്തമാക്കി. നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. കൊറ്റാളി രാമൻകടയിലും പരിസര പ്രദേശങ്ങളിലും രാത്രിയായാൽ കണ്ണൂർ നഗരത്തിൽ നിന്നുപോലും ആളുകൾ മദ്യപിക്കാൻ എത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
മദ്യപിച്ചുണ്ടാക്കുന്ന സംഘർഷങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ രാമൻകടയിലെ രതീഷിന് (40) പരിക്കേറ്റിരുന്നു. മുൻപ് പരിശോധനക്കെത്തിയ പൊലീസുകാർക്കെതിരെയും അക്രമം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അത്താഴക്കുന്നിലെ നിഹാൽ (18), പയങ്ങോടൻ പാറയിലെ തേജസ് (19) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അഞ്ച് പേർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നടപടിയെടുക്കാനാണ് തീരുമാനം.