dd

കാസർകോട്: ക്വാർട്ടേഴ്സിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിജയൻ മേസ്ത്രിയെ ( 65) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തമിഴ്നാട് തഞ്ചാവൂരിലെ മുരുകനെ (50) യാണ് വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചെങ്കള സന്തോഷ് നഗറിൽ വിജയൻ താമസിക്കുന്ന മുറിയിൽ ഇരുവരും മദ്യലഹരിയിൽ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ എസ് ഐ എം. വി വിഷ്ണുപ്രസാദും സംഘവും എത്തി മുറിയിൽ വീണു കിടക്കുകയായിരുന്ന വിജയനെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ക്വോർട്ടേഴ്സിലെ അടുത്തടുത്ത മുറികളിൽ താമസിക്കുന്നവരാണ് ഇരുവരും. വിജയൻ മേസ്ത്രി കൺസ്ട്രക്ഷൻ വർക്കും മുരുകൻ ആശാരിപ്പണിയുമാണ് എടുത്തിരുന്നത്. കൂലിയുമായി ബന്ധപ്പെട്ട തർക്കം ഇവർ തമ്മിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ചോദ്യം ചെയ്തപ്പോൾ മുരുകൻ കൂടുതലൊന്നും പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റമോർട്ടത്തിൽ കൊലപാതകം ആണെന്ന് വ്യക്തമായതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.