തിരുവനന്തപുരം : കോർപറേഷൻ തിരഞ്ഞെടുപ്പിൽ മാണിക്യവിളാകം വാർഡിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജിനെ മത്സരിപ്പിക്കാനുള്ള ഐ.എൻ.എൽ തീരുമാനത്തിൽ സി.പി.എമ്മിന് എതിർപ്പ്. പി.ഡി.പി പോലെ തീവ്രവർഗീയ നിലപാടുള്ള പാർട്ടിയിൽ നിന്നു മാറി വന്ന ആളെ മുന്നണിയിൽ ആലോചിക്കാതെ സ്ഥാനാർത്ഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സി.പി.എം നിലപാട്. എതിർപ്പ് ശക്തമായതോടെ പൂന്തുറ സിറാജിനെ പിൻവലിക്കാനാണ് സാദ്ധ്യത.സ്ഥാനാർത്ഥി നിർണയം ഓരോ പാർട്ടിയുടെയും ആഭ്യന്തരവിഷയമാണെങ്കിലും സി.പി.എമ്മിന്റെ എതിർപ്പ് ഐ.എൻ.എൽ തള്ളിക്കളയില്ല. കഴിഞ്ഞ ദിവസമാണ് പി.ഡി.പി വൈസ് ചെയർമാനായിരുന്ന പൂന്തുറ സിറാജ് ഐ.എൻ.എല്ലിൽ ചേർന്നതായി പ്രഖ്യാപനമുണ്ടായത്. പിന്നാലെ ഐ.എൽ.എൽ മാണിക്യവിളാകം വാർഡിൽ സിറാജിനെ രംഗത്തിറക്കിയതായി അറിയിച്ചു.ആദ്യം പ്രഖ്യാപിച്ച ആളെ പിൻവലിച്ചാണ് സിറാജിന് സീറ്റ് നൽകിയത്.സി.പി.എം സ്ഥാനർത്ഥികളെ പ്രഖ്യാപിച്ച ദിവസം അതേ വേദിയിൽ വച്ച് മാണിക്യവിളാകത്ത് പാർട്ടി ജില്ലാ ട്രഷറർ എ.എൽ.കാസിം മത്സരിക്കുമെന്ന് ഐ.എൻ.എൽ നേതാവ് എം.എം.മാഹീൻ പ്രഖ്യാപിച്ചിരുന്നു. സിറാജിന്റെ വരവോടെ ഇത് അട്ടിമറിച്ചു.

പൂന്തുറ സിറാജ് പി.ഡി.പി സ്ഥാനാർത്ഥിയായി മത്സരിച്ച് 1995, 2000, 2005 കാലഘട്ടങ്ങളിൽ കോർപറേഷൻ കൗൺസിലിലെത്തിയിരുന്നു.