മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ 674 ഗ്രാം സ്വർണം കണ്ടെത്തി. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിനായി ഒരുക്കുന്ന മുറിക്കുള്ളിലാണ് 35 ലക്ഷം രൂപ വില വരുന്ന സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കിയാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പിടികൂടുന്നത് ഒഴിവാക്കാൻ സ്വർണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി എട്ടിന് ദുബായിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരുടെ പരിശോധന കഴിഞ്ഞ ശേഷമാണ് സ്വർണം കസ്റ്റംസ് കണ്ടെടുത്തത്. മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.