ചാവക്കാട് : ഒരുമനയൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ ഒറ്റത്തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തൂട്ടി മകൻ നാസർ (47), വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ (48), നമ്പിശ്ശേരി മജീദ് മകൻ ഷാഹിദ് (30) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റത്തെങ്ങിലുള്ള ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒറ്റത്തെങ്ങ് അംഗനവാടിക്ക് സമീപത്ത് വെച്ച് പുത്തൻപുരയിൽ ബിൻഷാദിനെ (30) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലായ് 29ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി നാസർ ബൈക്ക് തടഞ്ഞു നിറുത്തുകയും, ചാവി ഊരിയെടുത്ത് ബിൻഷാദിനെ ബൈക്കിൽ നിന്നും ഇറക്കി വിടുകയുമായിരുന്നു. തുടർന്ന് ബിൻഷാദ് വീട്ടിലെത്തി അനിയൻ റിൻഷാദിനോട് വിവരം പറഞ്ഞു. നാസറിന്റെ മകനെ വിവരം ധരിപ്പിച്ച്, പിതാവിന്റെ കൈയിൽ നിന്നും ബൈക്ക് വാങ്ങിത്തരണമെന്ന് ഫോണിൽ ആവശ്യപ്പെട്ട് അനിയനെയും സഹോദരിയുടെ ഭർത്താവിനെയും സംഭവസ്ഥലത്തേക്ക് വിടുകയുമായിരുന്നു. ഇവരെ കാണാതായതോടെ സ്ഥലത്തേക്ക് പോയ ബിൻഷാദ് ബന്ധുക്കളെ മർദ്ദിക്കുന്നത് കണ്ട് ഇടപെട്ടതോടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് പിറകിൽ അടിയും വെട്ടുമേറ്റ ബിൻഷാദിന് പത്ത് സ്റ്റിച്ചുണ്ടായിരുന്നു. ചാവക്കാട് എസ്.എച്ച്.ഒ, അനിൽകുമാർ ടി. മേപ്പിള്ളിയുടെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, വിൽസൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.