sachin
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ സച്ചിൻസ് ഗാലറി

മാഹി: ക്രിക്കറ്റ് ആവേശമായ സച്ചിൻ ടെണ്ടുൽക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സമഗ്രമായ ഒരു ഗ്രന്ഥപ്പുര ഇവിടെയുണ്ട്. കായിക പ്രേമികളുടെ ഇഷ്ടതാരമായ സച്ചിനെ അടുത്തറിയാനും അപൂർവ്വ ഫോട്ടോശേഖരം കാണാനുമായി ഇനി മറ്റെങ്ങും പോകേണ്ട. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഈ ക്രിക്കറ്റ് മന്ത്രികന്റെ ഐതിഹാസിക കായിക ജീവിതം പുസ്തക താളുകളിൽ സ്പന്ദിക്കുകയാണ്.
2013 നവംബർ 16നാണ് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിന്നും വിരമിച്ചത്. ഇന്നലെ സച്ചിൻ ടെണ്ടുക്കറിന്റെ വിരമിക്കലിന് ഏഴു വർഷം പൂർത്തിയായി. സച്ചിനെ കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി ഒരു ഗ്രന്ഥാലയം കേരളത്തിൽ ഉണ്ട്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലാണ് സച്ചിൻസ് ഗാലറി എന്ന പേരിൽ സച്ചിനെ കുറിച്ചുള്ള പുസ്തകങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊള്ളുന്ന ഈ ലൈബ്രറി. കോളേജിലെ ലൈബ്രറിയോട് ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും, സ്‌പോട്സ് ഗ്രന്ഥകാരനുമായ എം.സി. വസിഷ്ഠ് ആണ് സച്ചിനെ കുറിച്ച് പതിനൊന്ന് ഭാഷകളിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി സച്ചിൻസ് ഗാലറി ക്രമീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ബംഗാളി, ആസാമിസ്, മറാത്തി, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ഗ്രന്ഥങ്ങളാണ് സച്ചിൻസ് ഗാലറിയെ അലങ്കരിക്കുന്നത്. ക്രിക്കറ്റ് ദേശിയോദ്ഗ്രഥനത്തിന് എന്ന ആശയമാണ് സച്ചിൻഗാലറിയിലൂടെ മുന്നോട്ട് വെക്കുന്നത്‌.