സുൽത്താൻ ബത്തേരി: കർഷകരുടെ പരമ്പരാഗത ജീപനോപാധിയാണ് നെൽകൃഷി . എന്നാൽ നെൽകൃഷിയിൽ ഒരു കല കൂടി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ബത്തേരി സ്വദേശിയായ യുവ കർഷകൻ തയ്യിൽ പ്രസിദ് കുമാർ. നെൽച്ചെടികൾകൊണ്ട് പ്രണയ സല്ലാപം നടത്തുന്ന മത്സ്യങ്ങളുടെ ത്രിമാന ചിത്രമൊരുക്കിയാണ് തന്റെ കലാവിരുത് പ്രകടിപ്പിച്ചിരിക്കുന്നത്.
നമ്പിക്കൊല്ലിയിലെ കഴമ്പ് വയലിലാണ് നെൽച്ചെടികൾകൊണ്ട് തീർത്ത പ്രണയ സല്ലാപം നടത്തുന്ന പ്രണയ മീനുകളെ കാണാൻ കഴിയുക. മുകളിൽ നിന്ന് നോക്കിയാൽ കാറ്റിൽ ഇളകിയാടുന്ന നെൽച്ചെടികളല്ല കാണാൻ കഴിയുക. പകരം പാടത്ത് നീന്തി തുടിച്ച് പ്രണയ ചുംബനം നടത്താൻ ശ്രമിക്കുന്ന രണ്ട് മത്സ്യങ്ങളെയാണ്. പാഡി ആർട്ടിലൂടെയാണ് വിസ്മയിപ്പിക്കുന്ന ത്രിമാന ചിത്രം പ്രസിദ് കുമാർ ഒരുക്കിയിരിക്കുന്നത്. വിവിധ നിറങ്ങളിലും ഉയരങ്ങളിലുമുള്ള നെൽച്ചെടികൾ മൽസ്യത്തിന്റെ രൂപത്തിൽ നട്ടു വളർത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
50 സെന്റ് സ്ഥലത്തെ നെൽ വയലിലാണ് പാഡി ആർട്ടിലൂടെ കൃഷിയിറക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് വയൽ ചിത്രമൊരുക്കുന്നതിനായി ഞാറ് നട്ടത്. തുടർന്ന് ചിത്രകാരനായ എ വൺ പ്രസാദിന്റെ സഹായത്താൽ മത്സ്യങ്ങളുടെ രേഖാചിത്രം തീർക്കുകയും ചെയ്തു.
ഛത്തീസ്ഗഡിൽ നിന്നും കൊണ്ടുവന്ന വയലറ്റ് നിറമുള്ള സബർബാത്ത് നെൽവിത്ത് മുളപ്പിച്ചെടുത്ത ഞാറ് പറിച്ചു നട്ടാണ് പ്രണയ മൽസ്യങ്ങൾക്ക് ജീവൻ നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിനായി കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ ചുവപ്പ് നിറമുള്ള രക്തശാലിയും ജീരകശാലയും മല്ലിക്കുറുവയും നട്ടുപിടിപ്പിച്ചു. നെല്ല് കതിരിട്ടതോടെ പലവർണങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടത്തിന്റെ മനോഹാരിതയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
നെൽച്ചെടികളാൽ തീർത്ത ഈ കലാ വിസ്മയം കാണുന്നതിനായി നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. നെൽകൃഷിയിൽ നിന്ന് പിൻമാറുന്ന യുവ തലമുറയെ ഇത്തരം കലകൂടി പരിചയപ്പെടുത്തി കൃഷിയിലേക്ക് ആകർഷിപ്പിക്കുകയാണ് ലക്ഷ്യം. തുടർച്ചയായി നാലാമത്തെ വർഷമാണ് പ്രസീദ് പാഡി ആർട്ട് ചെയ്യുന്നത്. 2017-ലാണ് പാഡി ആർട്ട് പരീക്ഷിക്കുന്നത്. തുടക്കം ഇന്ത്യയുടെ ഭൂപടമായിരുന്നു. ഇത് വൻ വിജയമായതോടെ തുടർന്നുള്ള വർഷങ്ങളിൽ വിവിധങ്ങളായ ത്രിമാന ചിത്രങ്ങൾ നെൽച്ചെടിയിൽ വരക്കാൻ പ്രചോദനമായി. തുടർന്ന് കഴുകനും, ഗുരുവായൂർ കേശവനും നെൽച്ചെടിയിൽ ജീവൻ വെച്ചു. എട്ടര ഏക്കർ വയലിൽ 53 ഇനം നെൽവിത്തുകളാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്.
ഗുജറാത്തിലെ കൃഷ്ണകൗമോദ്, ഉത്തർപ്രദേശിലെ കാലാ നമക്, അസമിലെ ബ്ലാക്ക് പാഡി തുടങ്ങിയ ഔഷധ ഇനങ്ങളിൽപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന അപൂർവ്വങ്ങളായ 125-ഓളം നെൽവിത്തുകളാണ് പ്രസീദിന്റെ പക്കലുള്ളത്. അസമിലെ ഗോത്ര വിഭാഗക്കാർ കൃഷി ചെയ്യുന്ന നെല്ലിനമായ ലോട്ടസ് അരിയുടെ വിത്തിനായുള്ള ശ്രമത്തിലാണ് ഈ യുവ കർഷകൻ. വേവിക്കാതെ പാലിലോ വെള്ളത്തിലോ ഇട്ട് കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.