ak

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ ഏറെക്കാലം അംഗമായിരുന്നിട്ടും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചയാളല്ല മുൻ ജില്ലാ സെക്രട്ടറി എ.കെ. നാരായണൻ. പ്രായാധിക്യം മൂലം പഴയപോലെ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളൊരുക്കാനും അനുഗ്രഹം വാങ്ങിക്കാനും പുതുതലമുറയിൽ പെട്ട സ്ഥാനാർത്ഥികൾ എത്തുന്നത് അദ്ദേഹം താമസിക്കുന്ന അതിയാമ്പൂർ കാലിക്കടവിലെ വീട്ടിലേക്കാണ്.

കാഞ്ഞങ്ങാട് നഗരസഭയിലെ എൽ.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ.വി. സുജാത കഴിഞ്ഞ ദിവസം എ.കെയെ സന്ദർശിച്ച് അനുഗ്രഹം തേടി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗാന്ധിയൻ കമ്യൂണിസ്റ്റ് കെ. മാധവനെ പരാജയപ്പെടുത്തിയ അഡ്വ. പി. അപ്പുക്കുട്ടനൊന്നിച്ചാണ് സുജാത എ.കെയെ കാണാനെത്തിയത്.

നന്നെ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി ജീവിതം തുടങ്ങിയ എ.കെ. നാരായണൻ പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി മൂന്നു ടേം പൂർത്തിയാക്കിയ നേതാവാണ്. ഈ കാലയളവിലുണ്ടായ നിരവധി തിരഞ്ഞടുപ്പുകളിൽ പിറകിൽ നിന്ന് മുന്നണിയെ നയിച്ച് വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കെ.വി സുജാത ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമായ ഇവർ കാഞ്ഞങ്ങാട് നഗരസഭ ആസൂത്രണ സമിതി അംഗവുമായിരുന്നു. പഠനകാലത്ത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരി കൂടിയാണിവർ. കെ.വി. സുജാതയ്ക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ അതിയാമ്പൂർ സെക്കൻഡ് യൂണിറ്റ് കൈമാറി.