കല്ലമ്പലം:നാവായിക്കുളം ജില്ലാ ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും നിലയുറപ്പിച്ചപ്പോൾ ഇരുമുന്നണികൾക്കും ഭീഷണിയായി ബി.ജെ.പിയും രംഗത്തിറങ്ങിയതോടെ പോരിന് ആക്കം കൂടി. പള്ളിക്കൽ ബ്ലോക്ക്‌ ഡിവിഷൻ അംഗമായിരുന്ന ടി.ബേബിസുധയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത്. 2010 - 15-ൽ പള്ളിക്കൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. ബിടെക് ബിരുദമുള്ള ബേബിസുധ സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആർ.എസ്.പിയിൽ നിന്നും എസ്.സുനിതാബീഗമാണ് ഇക്കുറി യു.ഡി.എഫിന്റെ സീറ്റ് പിടിക്കാൻ മത്സരരംഗത്തുള്ളത്.ആർ.എസ്.പി നാവായിക്കുളം ജില്ലാ ഡിവിഷൻ സെക്രട്ടറി ആർ.എസ്.സജീറിന്റെ ഭാര്യയാണ്. മത്സര രംഗത്ത് ആദ്യമാണെങ്കിലും ജില്ലാ ഐക്യ മഹാസംഘത്തിന്റെ സജീവ പ്രവർത്തകയാണ്. ആർ.എസ്.പി നാവായിക്കുളം മേഖലയിലും വനിതാ വിഭാഗത്തിലും പ്രവർത്തിക്കുന്നു. നാവായിക്കുളം കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൂടിയാണ്. നാവായിക്കുളം പഞ്ചായത്ത് പതിമ്മൂന്നാം വാർഡ്‌ അംഗമായിരുന്ന വി.ദീപയാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരിക്കെയാണ് ദീപ പൊതു പ്രവർത്തനത്തിനിറങ്ങിയത്.നിലവിൽ ബി.ജെ.പി വർക്കല നിയോജകമണ്ഡലം സെക്രട്ടറിയാണ്.

ചരിത്രം

പള്ളിക്കൽ,മടവൂർ പഞ്ചായത്തുകൾ പൂർണമായും നാവായിക്കുളം പഞ്ചായത്തിലെ 19 വാർഡുകളും കിളിമാനൂർ എട്ട്,നഗരൂർ,കരവാരം പഞ്ചായത്തുകളിലെ മൂന്നു വാർഡുകളും ചേർന്നതാണ് നാവായിക്കുളം ഡിവിഷൻ. എൽ.ഡി.എഫിന് വേരോട്ടമുള്ള മണ്ണായതിനാൽ ഡിവിഷനിൽ 2005 ൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സി.പി.എമ്മിന്റെ ഘടകമായിരുന്ന ആർ.എസ്.പിയാണ് കൂടുതലും മത്സരിച്ച് വിജയിച്ചത്. ബി.ജെ.പിക്ക് ചുവടുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ശക്തമായി മത്സര രംഗത്തുണ്ട്.ഇക്കുറി വനിതാ സംവരണമായ ഡിവിഷനിൽ പൊതു രംഗത്ത് പരിചയസമ്പന്നരായ യുവതികളുടെ പോരാട്ടമാണ് നടക്കുന്നത്.