inc

സുൽത്താൻ ബത്തേരി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും മാരത്തോൺ ചർച്ചകൾക്കും ഒടുവിൽ ബത്തേരി നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഇതോടെ അസംതൃപ്തരായ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ തിരിഞ്ഞു. 35 അംഗ ഡിവിഷനിൽ കോൺഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളിൽ ആറ് ജനറൽ വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയാണ് ആളുകളുടെ ബാഹുല്യം കാരണം തീരുമാനം നീണ്ടത്.
ജനറൽ സീറ്റുകളായ കുപ്പാടി, മന്തണ്ടിക്കുന്ന്, പഴുപ്പത്തൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് പ്രാദേശിക നേതൃത്വത്തിന് തലവേദനയായത്. കുപ്പാടി ഡിവിഷനിൽ സ്ഥിര താമസക്കാരയ നാല് പേരും സമീപ ഡിവിഷനുകളിലുള്ള മൂന്ന് പേരുമടക്കം ഏഴ് പേരാണ് സ്ഥാനാർത്ഥിയാകാൻ എത്തിയത്. ഇതോടെ തീരുമാനം ജില്ലാ നേതൃത്വത്തിന് വിടുകയായിരുന്നു. അതിനിടെ ഡിവിഷനിലെ സ്ഥിര താമസക്കാരായ മൂന്ന് പേരും പുറത്ത് നിന്നുള്ള രണ്ട് പേരേയും നേതൃത്വം ഇടപ്പെട്ട് മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചു, അന്തിമ ലിസ്റ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് സഫീർ പഴേരിയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തുരുമായി ചുരുങ്ങി.

ഇതിൽ തർക്കം രൂക്ഷമായതോടെ ജില്ലാ നേതൃത്വം ഇടപ്പെട്ട് മണ്ഡലം പ്രസിഡന്റിന് സീറ്റ് നൽകി തർക്കം പരിഹരിക്കുകയായിരുന്നു. കൗൺസിലറായിരുന്ന അഡ്വ. രാജേഷ്‌ കുമാറിന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്തിന്റെയും പേരുകളാണ് മന്തണ്ടിക്കുന്ന് ഡിവിഷനിൽ ഉയർന്ന് വന്നത്. ചർച്ചക്കൊടുവിൽ ഇന്ദ്രജിത്തിനെ വെട്ടി രാജേഷ്‌കുമാറിന് സീറ്റ് നൽകുകയായിരുന്നു. അർഹതപ്പെട്ടവർക്ക് സീറ്റ് നൽകിയില്ലെന്ന ആരോപണവുമായി സീറ്റ് നിഷേധിക്കപ്പെട്ടവർ രംഗത്തിറങ്ങുകയും ചെയ്തു. അതിനിടെ പിന്നാക്ക വിഭാഗങ്ങൾക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ അസംതൃപ്തരായ ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.