കോഴിക്കോട്: കൊവിഡ് കാലത്ത് പട്ടിണിയിലായ കലാകാരന്മാർക്ക് പുതുജീവൻ നൽകുകയാണ് തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന് അങ്കം കുറിച്ചതോടെ സ്റ്റുഡിയോകളും പാരടി പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായിക്കഴിഞ്ഞു. കൊവിഡ് വ്യാപനത്തിൽ തീർത്തും മരവിച്ചുപോയ ജീവിതം തദ്ദേശ തിരഞ്ഞെടുപ്പോടെ പതുക്കെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കലാകാരന്മാർ.
കഴിഞ്ഞ 7 മാസമായി വരുമാനം നിലച്ചതോടെ കലാകാരന്മാരിൽ പലരും പലവിധ ജോലികൾ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. തിരഞ്ഞെടുപ്പിൽ പലരും കലാ രംഗത്തേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ സ്റ്റേജ് പരിപാടികളാണ് കലാകാരന്മാരുടെ മുഖ്യവരുമാന സ്രോതസ്. എന്നാൽ ലോക്ക്ഡൗണിൽ അതും നിലച്ചു. ജീവിതം വഴിമുട്ടി നിൽക്കെയാണ് തിരഞ്ഞെടുപ്പ് വന്നത്. പ്രാദേശികമായ വിഷയങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് പാട്ടുകൾ തയാറാക്കുന്നത്.
സ്ഥാനാർത്ഥിയുടെ ചിത്രവും മുന്നണിയും കാണിച്ച് പശ്ചാത്തലത്തിൽ വോട്ടഭ്യർത്ഥനയുടെ ശബ്ദരേഖ നൽകുന്നു. കൂടാതെ വികസന പദ്ധതികളുടെയോ മറ്റ് പ്രസംഗങ്ങളുടെയോ ചെറു ദൃശ്യങ്ങൾ യോജിപ്പിച്ച് വീഡിയോ നിർമ്മിച്ചു നൽകുന്ന സ്റ്റുഡിയോകളുമുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സ്റ്റാറ്റസ് ആക്കാൻ പറ്റും വിധത്തിലുള്ള വീഡിയോകളും സ്റ്റുഡിയോകളിൽ ചെയ്തു നൽകുന്നു. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പോരായ്മകളും അഴിമതികളും ചൂണ്ടിക്കാട്ടുമ്പോൾ ഭരണപക്ഷം ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നു.
'മാസങ്ങൾക്കു ശേഷമാണ് കലാരംഗത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ പ്രധാനമായും പാരഡി പാട്ടുകളാണ് തയ്യാറാക്കുന്നത്. സ്ഥാനാർത്ഥിയുടെ പേരും വിവരങ്ങളും മുന്നണികൾ തരും.
-കലാഭവൻ പ്രതീഷ് ഗായകൻ