നമ്മുടെ സംസ്ഥാനത്തിലെ സർക്കാർ ഓഫീസുകളിലും, സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത മാതൃഭാഷ എഴുതാനും വായിക്കാനുമുള്ള അറിവും, എട്ടാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസവുമാണ്. യോഗ്യത ഉള്ളവരിൽ നിന്ന് പി.എസ്.സി അപേക്ഷ ക്ഷണിച്ചുവരുത്തി, എഴുത്തുപരീക്ഷ നടത്തി പാസായവരെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിനുശേഷം, ആ ലിസ്റ്റിൽ നിന്നാണ് ലാസ്റ്റ് ഗ്രേഡ് നിയമനം നടത്തിവരുന്നത്.
പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറാക്കാൻ അവർക്ക് പരിശീലന ക്ളാസുകളും, മോഡൽ ചോദ്യപേപ്പറുകളുടെ പ്രസിദ്ധീകരണങ്ങളും ഗൈഡുകളും പ്രസിദ്ധപ്പെടുത്തി, പലതുള്ളി പെരുവെള്ളം പോലെ വൻ തുകകൾ സ്വരൂപിക്കുന്നതു കണ്ടാൽ, ഐ.എ.എസ് പരീക്ഷയെക്കാളും പ്രധാനപ്പെട്ട പരീക്ഷ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണോയെന്ന് തോന്നിപ്പോകുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. സാധാരണക്കാർക്ക് നിയമനം ലഭിക്കുന്നതിനും നിയമനം നടത്തിക്കൊണ്ടിരിക്കുന്ന പി.എസ്.സിക്ക് ആശ്വാസം ലഭിക്കുന്നതിനും ഒരു മാർഗം നിർദ്ദേശിക്കുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും, എംപ്ളോയ്മെന്റ് ഓഫീസുകൾ ഉള്ളതാണല്ലോ. അതതു ജില്ലകളിൽ ഉണ്ടാകുന്ന ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ, അതതു ജില്ലാ എംപ്ളോയ്മെന്റ് ഓഫീസുകൾ മുഖേന ഇന്റർവ്യൂ മാത്രം നടത്തി, കൂടിയ പ്രായമുള്ളവർക്കും, ജാതി സംവരണം ഉള്ളവർക്കും ന്യായമായ ഇളവ് നൽകി റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അതിൽ നിന്ന് ലാസ്റ്റ് ഗ്രേഡ് സ്ഥിരം നിയമനം നടത്തിയാൽ അത് സാധാരണക്കാർക്ക് വലിയ ഒരു അനുഗ്രഹമായിരിക്കും.
എസ്. വിശ്വംഭരൻ, തുണ്ടത്തിൽ
ദേശദ്റോഹികൾ ശിക്ഷിക്കപ്പെടണം
കുറ്റവാളികളെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നവർ നിസാരക്കാരല്ല. ഒരാൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി! മറ്റൊരാൾ കേരളത്തിന്റെ ഭരണയന്ത്രം ചലിപ്പിച്ചുകൊണ്ടിരുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ. ബിനീഷ് കോടിയേരി കുട്ടിയല്ല. യുവാവായ ബിനീഷിന്റെ ചെയ്തികളിൽ പിതാവിന് പങ്കില്ലെന്നും ജനങ്ങൾക്കറിയാം. ബിനീഷിന്റെ കുറ്റകൃത്യം ലഘൂകരിച്ച് കാണാനാകുന്നില്ല. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും വിശ്വരൂപം കണ്ട് ജനങ്ങൾ ഞെട്ടുകയാണ്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വിവാദങ്ങൾ അരങ്ങ് തകർക്കുന്നുണ്ട്. ദേശദ്റോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സമൂഹത്തിലെ എത്ര ഉന്നതരാണെങ്കിലും ശീക്ഷിക്കപ്പെടണം.
എം. രവീന്ദ്രൻ, മണമ്പൂർ
പൊതുവഴികൾ ശുചിയായി സൂക്ഷിക്കണം
വീട്ടിൽ നിന്ന് മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിവിട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അയൽക്കാരൻ യുവതിയെ കുത്തിക്കൊല്ലുകയും അവരുടെ മാതാവിനെ മാരകമായി മുറിവേല്പിക്കുകയും ചെയ്ത സംഭവം സങ്കടകരമാണ്.
അരനൂറ്റാണ്ടുമുൻപ് സ്ത്രീകൾ രാവിലെ വീടും പരിസരവും തൂത്തുവൃത്തിയാക്കുന്നതോടൊപ്പം തങ്ങളുടെ വീട്ടിനു മുന്നിലുള്ള പൊതുവഴിയിലെ ചപ്പും ചവറും തൂത്തുവാരി വീടിനുള്ളിലെ വാഴക്കുഴിയിലോ വളക്കുഴിയിലോ ഇടുമായിരുന്നു. അക്കാലത്ത് ആരും ഇടവഴികളിൽ മലിനജലം ഒഴുക്കിവിടുമായിരുന്നില്ല. കാലക്രമേണ ഈ രീതിക്ക് മാറ്റം വന്നു. മുൻപ് ഒരു വീടുണ്ടായിരുന്ന പറമ്പിൽ ഇപ്പോൾ നാലും അഞ്ചും വീടുകളായി. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ അഞ്ചു സെന്റ് ഭൂമിയിൽ ആറു സെന്റ് വീടുവയ്ക്കാനാണ് എല്ലാവർക്കും താത്പര്യം. ഫലമോ വീട്ടിൽ ഉപയോഗയോഗ്യമല്ലാത്ത പാഴ്വസ്തുക്കൾ ചില വീട്ടുകാർ പൊതുവഴിയരുകിൽ നിക്ഷേപിക്കുന്നു. മറ്റുചിലരാകട്ടെ വീടിലെ മലിനജലം പൊതുനിരത്തിൽ ഒഴുക്കിവിടുന്നു.ഇതേക്കുറിച്ച് ആരെങ്കിലും പഞ്ചായത്ത് ഓഫീസിൽ പരാതിപ്പെട്ടാലോ ഒരു നടപടിയും ഉണ്ടാകാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വളരെ കുറഞ്ഞ ഭൂപരിധിയുള്ളവർക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ വീട്ടിലെ മാലിന്യങ്ങളും മലിനജലവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അതാതു വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കാനുള്ള ഫലപ്രദമായ സംവിധാനം കൂടി ഉറപ്പാക്കണം.
ആർ. പ്രകാശൻ, ചിറയിൻകീഴ്
നമ്പർ വൺ സ്ഥാപനമാകട്ടെ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഭാരതത്തിലെ നമ്പർ വൺ സ്ഥാപനമായി മാറട്ടെ എന്ന് ആശിക്കുന്നു. സർക്കാരിന്റെ വിപ്ളവകരമായ നടപടി വിജ്ഞാന സമൂഹത്തിന് ഒരു നവജ്യോതിസ് തെളിക്കും.
എൻ.എസ്. മധുരഞ്ജൻ, കുളത്തൂർ