തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ തകരാറിലായിട്ടും വാട്ടർ അതോറിട്ടി പരിഹാരം കാണുന്നില്ലെന്ന് ജയിൽ അധികൃതരുടെ പരാതി. ജയിലിലെ നിർമ്മാണ യൂണിറ്റിനും പ്രസിനും സമീപമുള്ള പ്രധാന പൈപ്പ് ലൈനാണ് തകരാറിലായത്. നിരവധി തവണ പരാതി നൽകിയെങ്കിലും തകരാർ എന്താണെന്ന് കണ്ടുപിടിക്കാനോ പരിഹാരം കാണാനോ വാട്ടർ അതോറിട്ടി അധികൃതർ തയാറാവുന്നില്ലെന്ന് ജയിൽ ജീവനക്കാർ പറയുന്നു. നിയമനടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം. പൈപ്പ് കണക്ഷൻ തകരാറിലായതിന് പിന്നാലെ ഒരാഴ്ച വാട്ടർ അതോറിട്ടി ടാങ്കറിൽ കുടിവെള്ളം എത്തിച്ചെങ്കിലും ഇത് ലക്ഷങ്ങളുടെ ബാദ്ധ്യത വരുത്തുന്നതായി കണ്ടെത്തിയതോടെ ജയിൽ അധികൃതർ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോൾ പൊലീസിന്റെ ടാങ്കറിലാണ് സാധാരണ കിട്ടുന്നതിന്റെ നേർപകുതി കുടിവെള്ളമെത്തിക്കുന്നത്. നിരന്തരം പരാതി ഉയർന്നതോടെ രണ്ടു ദിവസമായി വാട്ടർ അതോറിട്ടി ചെറിയ തോതിൽ വെള്ളമെത്തിച്ചുവെന്നും ജയിൽ അധികൃതർ പറഞ്ഞു.
പ്രതിദിനം ഒരു തടവുകാരന് വേണ്ടത് 130 ലിറ്റർ വെള്ളം
ജയിലിൽ ജീവനക്കാരും തടവുകാരും ഉൾപ്പെടെ 2000ത്തോളം പേർ
വെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഭക്ഷണ നിർമ്മാണ,ഉത്പാദന യൂണിറ്റുകൾ പ്രതിസന്ധിയിൽ
മൂന്ന് കിണറുകൾ കുത്തും
പൈപ്പ് വെള്ളം കീറാമുട്ടിയായതോടെ മുന്ന് കിണറുകൾ ജയിൽ വളപ്പിൽ കുഴിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് സമീപവും,അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപവും,മാന്യുഫാക്ചറിംഗ് യൂണിറ്റിന് സമീപവുമാണ് കിണറുകൾ കുഴിക്കുന്നത്. ഭാവിയിൽ വാട്ടർ അതോറിട്ടിയെ ആശ്രയിക്കാതെ കുടിവെള്ളം പൂർണമായും ജയിലിൽ നിന്ന് തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
വാട്ടർ അതോറിട്ടിക്ക് പറയാനുള്ളത്
ജയിൽ അധികൃതർ അറിയിച്ചിരുന്ന പരാതികളെല്ലാം ശനിയാഴ്ച തന്നെ പരിഹരിച്ച് ജയിലിൽ കുടിവെള്ളമെത്തിച്ചിരുന്നു.അവരുടെ അശ്രദ്ധകൊണ്ടാണ് മിക്ക തകരാറുകളും ഉണ്ടാകുന്നത്. അത് വാട്ടർ അതോറിട്ടിയുടെ തലയിൽ കെട്ടിവയ്ക്കണ്ട. പ്രധാനമായ രണ്ടു പൈപ്പ് ലൈനിലൂടെയും പൂർണതോതിൽ ജയിലിന് ആവശ്യമുള്ള വെള്ളം പമ്പ് ചെയ്യുന്നുണ്ട്. അത് അവരുടെ പ്രധാന ടാങ്കിലേക്കും പമ്പ് ചെയ്‌ത് നൽകിയിരുന്നു. കഴിഞ്ഞ ജൂലായിൽ ഒറ്റതവണ തീർപ്പാക്കലായി ജയിലിന്റെ വെള്ളക്കരം കുടിശിക എത്രയാണെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു.അത് ഇതുവരെ അടച്ചിട്ടില്ല.ഇനി ഇൗ വർഷത്തേതും അടയ്ക്കാനുണ്ട്.