sathyan

തെന്നിന്ത്യയിലെ താരറാണിയായി മാറിയിട്ടും തന്റെ ഓരോ സിനിമ തുടങ്ങുന്ന ദിവസവും അനുഗ്രഹം തേടി നയൻതാര സത്യൻ അന്തിക്കാടിനെ വിളിക്കാറുണ്ട്. താരപ്പകിട്ടിൽ തീരെ ചോർന്ന് പോകാത്ത ആ ഗുരുത്വമാണ് നയൻതാരയെ നയൻതാരയാക്കി നിലനിറുത്തുന്നത്.

ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി പെൺകുട്ടിയെ താരമാക്കിയതും നയൻതാര എന്ന പേര് സമ്മാനിച്ചതും സത്യൻ അന്തിക്കാടാണ്.

''മനസ്സിനക്കരെയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ഞാനും തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദും ചേർന്ന് ഒരുപാട് ആലോചനകൾക്ക് ശേഷം പേരുകളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി. അതിൽ നിന്ന് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്, അവർ തന്നെയാണ്." സത്യൻ അന്തിക്കാട് പറയുന്നു.

''മനസ്സിനക്കരെയുടെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞിട്ടും നായികയെ തീരുമാനിച്ചിരുന്നില്ല. ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു പുതുമുഖം തന്നെ മതിയെന്നായിരുന്നു എന്റെ തീരുമാനം. ഒരുപാടന്വേഷിച്ചിട്ടും പറ്റിയ ഒരാളെ കിട്ടിയില്ല. പുതുമുഖത്തിന് വേണ്ടി വാശിപിടിക്കണ്ട പഴയ ആരെയെങ്കിലും നോക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. ഷൂട്ടിംഗിനിടയിൽ ആരോ കൊണ്ടുവന്ന ഒരു മാഗസിനിൽ കണ്ട പെൺകുട്ടിയിൽ എന്റെ കണ്ണുടക്കി. ആ ഫോട്ടോ കണ്ടപ്പോൾ കാമറാമാൻ അഴകപ്പനും കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ ആ പെൺകുട്ടിയെ തേടിപ്പിടിച്ചു. അതാണ് നയൻതാര." സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.