chantha

നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ പബ്ളിക് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. സമീപത്തെ പല ചന്തകളും വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ആറാലുംമൂട് ചന്തയുടെ ലോക്കഴിക്കാൻ മാത്രം അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. ബുധനാഴ്ച പച്ചക്കറി ചന്തയും ശനിയാഴ്ച കന്നുകാലി ചന്തയുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. താലൂക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ ന്യായവിലയ്ക്ക് സാധനങ്ങൾ വാങ്ങാനായി മുൻപ് ഇവിടെ എത്തിയിരുന്നു. കുറഞ്ഞ നിരക്കിൽ നല്ല സാധനങ്ങൾ ലഭിക്കുമെന്നതിനാൽ വലിയ തിരക്കാണ് ചന്തദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്.

ജനത്തിരക്ക് കണക്കിലെടുത്താണ് നഗരസഭയുടെ നേതൃത്വത്തിൽ ചന്ത അടച്ചുപൂട്ടിയത്. താലൂക്കിലെ മറ്റ് ചന്തകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ആറാലുംമൂട്ടിലെ ചന്ത മാത്രം തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. നിലവിൽ പുറത്തുള്ള കടകളിൽ നിന്ന് കൊള്ള വിലയ്ക്കാണ് ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നത്. വിഷയത്തിൽ നഗരസഭാ അധികൃതർ ഇടപെടണമെന്നും ചന്ത തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപാരികളും ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്.

താഴുവീണത് മികച്ച മാർക്കറ്റിന്

കന്നുകാലികൾ, വിവിധയിനം പച്ചക്കറികൾ, ഫല വർഗങ്ങൾ, മത്സ്യം,പലവ്യഞ്ജനങ്ങൾ, വാഴക്കുലകൾ, പൈനാപ്പിൾ, വാഴയില, കിഴങ്ങുവർഗങ്ങൾ, മൺപാത്രങ്ങൾ, ഈറ ഉത്പന്നങ്ങൾ, പനയോലപ്പായ, വിവിധ ഉപകരണങ്ങൾ എന്നിവയുടെ വിപണനത്തിന് ഏറെ പ്രസിദ്ധമാണ് ആറാലുംമൂട് ചന്ത. വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിനുപേരാണ് ഇവ വാങ്ങുന്നതിന് ചന്തയിൽ എത്തിയിരുന്നത്. പൊതുചന്തയ്ക്ക് 6 മാസത്തേക്ക് പതിനെട്ടുലക്ഷം രൂപയും കന്നുകാലി ചന്തയ്ക്ക് എൺപതിനായിരം രൂപയുമാണ് നഗരസഭ ലേലത്തുകയായി ഈടാക്കിയത്. ചന്ത അടഞ്ഞതോടുകൂടി പണം പിരിച്ചെടുക്കാൻ കഴിയാതെ കരാറുകാരനും ദുരിതത്തിലായി.

സാധനങ്ങൾക്ക് കൊള്ളവില

ചന്തയുടെ പ്രവർത്തനം നിലച്ചതോടെ സമീപത്ത് അനധികൃത മാർക്കറ്റുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാമമാത്രമായ ഉത്പന്നങ്ങൾ ഇവിടെ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും അമിത വില ഈടാക്കുന്നതായാണ് പരാതി. വിവാഹമടക്കമുള്ള ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാനെത്തുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കനത്ത വില കാരണം തമിഴ്നാട്ടിലെ ചന്തകളെ ആശ്രയിക്കുകയാണ് വിവാഹപ്പാർട്ടികൾ ചെയ്യുന്നത്. അതിർത്തിക്കപ്പുറത്ത് സാധനങ്ങൾ വാങ്ങാനായി നടത്തുന്ന യാത്ര കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.