ഇന്ത്യ ഇല്ലാത്ത ഏഷ്യാ - പസഫിക് മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നിരിക്കുകയാണ്. പത്ത് 'ആസിയാൻ" രാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയും ആണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഞായറാഴ്ച വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിൽ വച്ചായിരുന്നു കരാർ പിറവിയെടുത്തത്. കഴിഞ്ഞ എട്ടുവർഷമായി ഇത്തരത്തിലൊരു വ്യാപാര കരാറിനായി ശ്രമം നടക്കുകയായിരുന്നു. ചൈനയ്ക്കാകും കരാറിലൂടെ ഏറ്റവും വലിയ വ്യാപാര നേട്ടമുണ്ടാവുക എന്നു കണ്ടറിഞ്ഞ് കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യ ചർച്ചകളിൽ നിന്നു പിൻവാങ്ങുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ചൈനയുടെ നടുനായകത്വത്തിലാണ് മേഖലാ സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. ലോക വിപണി പിടിച്ചെടുക്കാൻ ചൈന നടത്തിക്കൊണ്ടിരുന്ന അക്ഷീണയത്നങ്ങൾക്ക് കൊവിഡ് മഹാമാരി ഓർക്കാപ്പുറത്തു തടയിട്ടിരുന്നു. കൊവിഡിനെ ലോകത്തേക്ക് തുറന്നുവിട്ടതിന്റെ പേരിൽ ചൈന ധാരാളം പഴി കേൾക്കേണ്ടിയും വന്നു. പ്രമുഖ രാജ്യങ്ങൾ മുഖം തിരിക്കാൻ തുടങ്ങിയതോടെ ചൈനീസ് വിപണി ഏറ്റവും വലിയ വെല്ലുവിളികളും നേരിടുകയുണ്ടായി.
ഇതിനിടയിലാണ് ആശ്വാസമായി ഇപ്പോഴത്തെ മേഖലാ പങ്കാളിത്ത വ്യാപാര കരാറുണ്ടായിരിക്കുന്നത്.
ഇപ്പോൾ ലോകത്തു നടക്കുന്ന രാജ്യാന്തര വാണിജ്യത്തിന്റെ മുപ്പതു ശതമാനവും ആർ.സി.ഇ.പി രാജ്യങ്ങൾക്കിടയിലാണെന്നതാണ് ഈ കൂട്ടായ്മയുടെ പ്രാധാന്യം വിളിച്ചോതുന്നത്. അംഗങ്ങളിൽ ഭൂരിപക്ഷത്തിനും വലിയ സ്വാധീനമോ പങ്കാളിത്തമോ ഇല്ലെങ്കിലും ചൈന, ജപ്പാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ പ്രബല രാജ്യങ്ങൾക്ക് ഏഷ്യാ - പസഫിക് മേഖലയിലെ മൊത്തം വ്യാപാരത്തിന്റെ ഗതിവിഗതി നിയന്ത്രിക്കാനാകും. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഗുണഭോക്താക്കളാകാൻ പോകുന്നത് ചൈനയാകുമെന്ന കാര്യത്തിലും സംശയം വേണ്ട. അനിശ്ചിതത്വങ്ങൾക്കിടയിൽ രജതരേഖപോലെ ഉയർന്നുവന്നതാണ് ഈ സഹകരണ വ്യാപാര കരാറെന്ന ചൈനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ അവരുടെ ആഹ്ലാദം തെളിഞ്ഞുകാണാം. കരാർ പ്രധാനമായും സ്വതന്ത്ര വ്യാപാരം ലക്ഷ്യമിട്ടുള്ളതായതിനാൽ ചൈനയോട് എതിർപ്പുള്ള രാജ്യങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്. ആസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവ ഉദാഹരണങ്ങളാണ്. തീരുവ മുക്തമായ വ്യാപാരബന്ധം വലിയ നേട്ടമാകുമെന്നതുകൊണ്ടാണിത്. അതേസമയം വേണ്ടതും വേണ്ടാത്തതുമായ സർവമാന ഉത്പന്നങ്ങളുടെയും വിളയാട്ടഭൂമിയായ ചൈനയുടെ ആധിപത്യം തങ്ങൾക്ക് എത്രമാത്രം വിനയാകുമെന്ന ആശങ്കയും അംഗ രാജ്യങ്ങൾക്ക് ഇല്ലാതില്ല. വിപണി അപ്പാടെ ചൈന പിടിച്ചടക്കുന്ന സാഹചര്യം തടയാൻ അവയ്ക്കാകുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ.
ഇന്ത്യ പങ്കാളിയാകാതെ മാറിനിൽക്കുകയാണെങ്കിലും രേഖാമൂലം ഏതു സമയത്തും അപേക്ഷിച്ചാൽ അംഗമാക്കുമെന്നാണ് ആർ.സി.ഇ.പി ഉച്ചകോടി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഒരു വർഷം മുൻപേ തന്നെ ഇന്ത്യ കൂടിയാലോചനകൾ അവസാനിപ്പിച്ച് പിൻവാങ്ങിയത് വ്യക്തമായ കാരണങ്ങൾ നിരത്തിയാണ്. ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. അതുപോലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന വിധത്തിലുള്ള സ്വതന്ത്ര ഇറക്കുമതിയും ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല. രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മയും ആഭ്യന്തര വിപണിയുടെ താത്‌പര്യ സംരക്ഷണവും വെടിഞ്ഞുള്ള ഏതൊരു കരാറും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. സ്വാശ്രയത്വം മുഖ്യ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ളതിനാൽ ഇറക്കുമതി കാര്യമായ തോതിൽ നിയന്ത്രിക്കപ്പെട്ടേ മതിയാകൂ.
മാത്രമല്ല വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുകയറ്റത്താൽ നേരത്തെ തന്നെ ഇന്ത്യ വീർപ്പുമുട്ടുകയാണ്. സമീപകാലത്ത് സർക്കാർ സ്വീകരിച്ച ചില കടുത്ത നടപടികൾ ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇറക്കുമതി തീരുവ, സേവനമേഖലയിലെ അവസര സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയ്യാറാകാതെ വന്നപ്പോഴാണ് കൂടിയാലോചനകൾ നിറുത്തി ഇന്ത്യ ഇറങ്ങിപ്പോന്നത്. ആർ.സി.ഇ.പിയിൽ അംഗമാകുന്നതോടെ ഫലത്തിൽ തീരുവകൾ ചുമത്താനാകാത്ത നിലയിലാകും ഇറക്കുമതി മേഖല. ചൈനീസ് ഉത്പന്നങ്ങൾക്കുള്ള നിലവിലെ തീരുവ എൺപത് ശതമാനവും ഉപേക്ഷിക്കേണ്ടിവരും. മറ്റ് അംഗ രാജ്യങ്ങളിൽ നിന്നുള്ളവയ്ക്കാകട്ടെ തൊണ്ണൂറു ശതമാനവും. വ്യവസായ - കാർഷിക മേഖലയുടെ നട്ടെല്ലു തന്നെ തകർക്കുന്ന തീരുമാനമാകും അത്. 135 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണി മറ്റു രാജ്യങ്ങളെ എല്ലാക്കാലത്തും ഏറെ മോഹിപ്പിക്കാറുണ്ട്.
ആർ.സി.ഇ.പി കരാർ പൂർണതോതിൽ ആറുമാസം കഴിഞ്ഞ് പ്രാബല്യത്തിലാകുമ്പോൾ ഏഷ്യ - പസഫിക് മേഖലയിലെ ഇരുന്നൂറു കോടിയിൽപ്പരം ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പറയുന്നത്. ലോകത്ത് ഇപ്പോൾ നിലവിലുള്ള മറ്റ് പ്രമുഖ വ്യാപാര കരാറുകളുടെ ചുവടുപിടിച്ചുതന്നെയാണ് ആർ.സി.ഇ.പി കരാറിനും രൂപം നൽകിയിട്ടുള്ളത്. അമേരിക്കയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും സമീപനം അറിയാനിരിക്കുന്നതേയുള്ളൂ. ചൈനയോടും അതിന്റെ വ്യാപാര നയങ്ങളോടും കടുത്ത എതിർപ്പുണ്ടായിരുന്ന ട്രംപ് ഭരണകൂടം സ്ഥാനം ഒഴിയുന്നതാണ് ആർ.സി.ഇ.പി കരാറിന് ആക്കം കൂട്ടിയതെന്നു കരുതുന്നവരുണ്ട്. പുതിയ യു.എസ് ഭരണകൂടത്തിന്റെ നയങ്ങൾ എന്താവുമെന്നതിനെ ആശ്രയിച്ചാകും വ്യാപാര ഉടമ്പടികളുടെയും ഭാവി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിഭവശേഷിക്കും വിപണിക്കും ഒരു കുറവുമില്ലാത്ത സ്ഥിതിക്ക് രാജ്യതാത്‌പര്യങ്ങൾക്കിണങ്ങാത്ത ഏതു കരാറും വലിയ ബാദ്ധ്യത തന്നെയാകും. മുൻകാല അനുഭവങ്ങൾ അതു തെളിയിച്ചിട്ടുമുണ്ട്. എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം നേടുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായാൽ അതുതന്നെയാകും ജനങ്ങൾക്കു നൽകാനുള്ള ഏറ്റവും വലിയ സമ്മാനം. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഏറ്റവും ഉചിതമായ നടപടി കൂടിയായിരിക്കുമത്.