fever

രോഗത്തെചികിത്സിക്കാൻ മാത്രമല്ല അത് വരാതെ നോക്കാനും ആയുർവേദം ശീലിക്കാവുന്നതാണ്. കാലാവസ്ഥാവ്യതിയാനം പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും ചെറുതായെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. ആ മാറ്റങ്ങളെ ഉൾക്കൊണ്ടും ശരീരബലം വർദ്ധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് സ്വാഭാവികമായി കുഴപ്പത്തിലാകുന്ന ദോഷങ്ങളെ വർദ്ധിപ്പിക്കാതെയും വിവേകത്തോടെ പ്രവർത്തിച്ചാൽ രോഗം വരാതെ സംരക്ഷിക്കാം.

മഴക്കാല പകർച്ചവ്യാധികളുടെ പൊതു സ്വഭാവം പനിയാണ്. ഡെങ്കിപ്പനി,ചിക്കുൻ ഗുനിയ,എലിപ്പനി, മലമ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം,വയറിളക്കം, ഛർദ്ദി, പന്നിപ്പനി ഇവയെല്ലാം മഴക്കാല പകർച്ചവ്യാധികളാണ്.

വാതരോഗങ്ങൾ വർദ്ധിക്കുന്ന കാലം കൂടിയാണിത്. വേദന, നീര്, സന്ധികൾ ചലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട്, തണുപ്പ് സഹിക്കാനുള്ള പ്രയാസം, ഉളുക്ക് തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം. മഴയുടെ കാഠിന്യവും രോഗിയുടെ പ്രായാധിക്യവും തണുപ്പുമായുള്ള നേരിട്ടുള്ള സമ്പർക്കവും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ശീലിക്കാത്തതും രോഗത്തെ വർദ്ധിപ്പിക്കുന്നു. ഇവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും.

ഡെങ്കിപ്പനി


കൊതുക് കടി ഏൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഒരൊറ്റ കടി മാത്രം മതിയാകും ഒരാളിലേക്ക് രോഗം പകരാൻ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അതിനാൽ രോഗമുള്ളവർ അവരെ കൊതുക് കടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

രാവിലെയും സന്ധ്യയ്ക്ക് മുമ്പും മങ്ങിയ വെളിച്ചമുള്ളപ്പോഴാണ് ഈഡിസ് വിഭാഗത്തിലെ കൊതുകുകൾ കടിക്കുന്നത്. കടിയേറ്റാൽ 3 മുതൽ 14 ദിവസത്തിനുള്ളിൽ രോഗം ആരംഭിക്കും.

കടുത്ത പനി, കഠിനമായ ശരീരവേദന, സന്ധിവേദന, കണ്ണിന്റെ പുറകിൽ വേദന, തൊലിപ്പുറത്ത് തിണർപ്പ്, ഛർദ്ദി, വയറുവേദന, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, മലം കറുത്ത നിറത്തിൽ ഇളകി പോകുക എന്നിവ ലക്ഷണങ്ങളായി വരാം.

അതിശക്തമായ നടുവേദനയും കണ്ണിന് പുകച്ചിലോടുകൂടിയ വേദനയും ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഒന്നര ലക്ഷം മുതൽ നാലുലക്ഷം വരെയാണ് നോർമൽ. അത് ഇരുപതിനായിരത്തിലും താഴെ ആയാൽ മരണം സംഭവിക്കാം. പ്ലേറ്റ്ലെറ്റിന്റെ എണ്ണം വളരെ കുറവല്ലെങ്കിൽ സാധാരണ ചികിത്സ മതിയാകും.

ചിക്കുൻഗുനിയ


കൊതുകുകടിയേറ്റാൽ രണ്ടുദിവസത്തിനുള്ളിൽ രോഗം ആരംഭിക്കും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, സന്ധി വേദന, തലവേദന, നടുവേദന, ഛർദ്ദി, സന്ധികളിലെ നീര്, മാംസപേശികൾക്ക് വലിച്ചിൽ, വിറയൽ, ചർമ്മത്തിൽ ചുവന്നു തടിച്ച പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ.

മലമ്പനി


കൊതുകുകടി ഏറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, ശക്തമായ തലവേദന, വയറുവേദന, ഛർദ്ദി, മഞ്ഞപ്പിത്തം, ദിവസവും ഒരു പ്രത്യേക സമയത്തോ ഇടവിട്ട ദിവസങ്ങളിലോ മാത്രം പനിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

എലിപ്പനി
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 21 ദിവസം വരെ എടുക്കാം. പെട്ടെന്നുള്ള തലവേദന, തലയുടെ മുൻ വശത്തും കണ്ണിലെ പേശികൾക്കും വേദന, കണങ്കാലിലെ വേദന,വിറയലോട്‌ കൂടിയ പനി എന്നിവയാണ് ലക്ഷണങ്ങൾ.

കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിച്ചാൽ കണ്ണു ചുവക്കൽ, വെളിച്ചത്തേക്ക് നോക്കുവാൻ പ്രയാസം, തൊണ്ടവേദന,രക്തം പൊടിയുക,തോലിപ്പുറമെ തടിപ്പ് എന്നിവയും സംഭവിക്കാം. ഓട വൃത്തിയാക്കൽ പോലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കാലിലെ മുറിവുകളിലൂടെയും വായ്ക്കുള്ളിലെ വ്രണങ്ങളിലൂടെയുമുള്ള ജലസമ്പർക്കം മുഖേന അണുക്കൾ ബാധിക്കും.

ടൈഫോയ്ഡ്


പനി, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറിന് അസ്വാസ്ഥ്യം, വയറുവേദന, വയറിളക്കം,ചിലപ്പോൾ മലബന്ധം, ചർദ്ദി, നെഞ്ചിലും വയറ്റിലുമുള്ള തൊലിപ്പുറത്തെ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ.

മഞ്ഞപ്പിത്തം


ക്ഷീണം, തളർച്ച, ചെറിയതോതിലുള്ള പനി, മൂത്രം കടുത്ത മഞ്ഞ നിറത്തിൽ പോവുക എന്നിവയാണ് ലക്ഷണങ്ങൾ. ജലത്തിലൂടെ പകരുന്നു. രോഗം ബാധിച്ചയാൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവയിലൂടെയും രോഗം പകരും.

പന്നിപ്പനി


തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്നതിലൂടെ വളരെ വേഗം പകരുന്ന രോഗമാണിത്. ശ്വാസം എടുക്കാൻ തടസ്സം, പെട്ടെന്നുള്ള തലകറക്കം,അമിതമായ ഛർദ്ദി, അതിശക്തമായ ന്യൂമോണിയ എന്നിവയാണ് ലക്ഷണങ്ങൾ.

പകർച്ചപ്പനി വന്നാൽ....

പനി വന്നാൽ പൂർണ്ണ വിശ്രമം അനിവാര്യം. കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ചുക്ക്, തുളസിയില, മല്ലി എന്നിവ ഇട്ട്‌ അഞ്ചുമിനിട്ടെങ്കിലും വെട്ടിത്തിളപ്പിക്കണം. എളുപ്പം ദഹിക്കുന്നതും പോഷകാംശം ഉള്ളതുമായ ആഹാരം ശീലിക്കുക. പൊടിയരിക്കഞ്ഞിയും പയറും എളുപ്പം ദഹിക്കുന്ന ഭക്ഷണവുമാണ് പനിയുള്ളപ്പോൾ നല്ലത്. ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലതാണ്. പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത്. ദഹിക്കാൻ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരം ഉപയോഗിക്കുക. വയറിളക്കവും ഛർദ്ദിയും ഉള്ളപ്പോൾ 50 ഗ്രാം മലർ ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തെളിച്ചെടുത്ത് പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക. പകർച്ചപ്പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.

ശരീരത്തിന്റ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ജീവിതചര്യകൾ ശീലമാക്കുക. ശരിയായ രീതിയിലുള്ള വ്യായാമം, ഉറക്കം ഇവ നിത്യവും ശീലിക്കുക.

കൊതുകിനെ സൂക്ഷിക്കുക...

കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും ഒഴിവാക്കാനും നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കാനും ഒഴിവാക്കാനും ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കൊതുക് പെരുകുന്നത് തടയുന്നതിന് ചിരട്ട, പ്ലാസ്റ്റിക് കപ്പുകൾ, കുപ്പികളുടെ അടപ്പ്‌, ഫ്രിഡ്ജിലെ വേസ്റ്റ് വെള്ളപ്പാത്രം, പ്ലാസ്റ്റിക് കവർ, ടയറുകൾ, മുട്ടത്തോട് എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം,സോപ്പ് ലായനി,വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക.

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക.കടുക്, മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക.

വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മലിന ജലവുമായുള്ള സമ്പർക്കവും അതിൻറെ ഉപയോഗവും ഒഴിവാക്കുക.

ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നല്ലപോലെ വൃത്തിയാക്കുക.

പുറമെ നിന്നുള്ള ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക. ചൂടോട്കൂടിയ ഭക്ഷണപാനീയങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും ഒരു തൂവാലകൊണ്ട് മറയ്ക്കുവാൻ ശ്രദ്ധിക്കുക.ഷേക്ക് ഹാൻഡ് കൊടുക്കുന്ന ശീലം ഒഴിവാക്കുക.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അവിപത്തി ചൂർണം(10 ഗ്രാം) ചൂടുവെള്ളത്തിലോ തേനിലോ ചേർത്ത് രാത്രി കുടിക്കുന്നത് നല്ലതാണ്.