ബാലരാമപുരം: ലോക ഗിന്നസ് റെക്കാഡ് ദിനമായ ഇന്ന് ഒരു കുടുംബത്തെ മുഴുവൻ ലോക റെക്കാഡിന്റെ നെറുകയിലെത്തിച്ച ഗിന്നസ്‌കുമാർ നാട്ടിൽ താരമാണ്. കഴിഞ്ഞ ലോക സൈക്കിൾ ദിനത്തിലും ഗിന്നസ്‌കുമാറായിരുന്നു നാട്ടിലെ ശ്രദ്ധാകേന്ദ്രം. ബാക്ക് വേർഡ് ബ്രെയിൻ സൈക്കിളിലും, പെന്നിഫാത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഗിന്നസ് റെക്കാഡിട്ട ഫിസിയോ തെറാപ്പിസ്റ്റായ ഈ 47 കാരൻ പുതിയ റെക്കാഡുകൾക്കുള്ള പരിശ്രമത്തിലാണ്.
12 ലോക റെക്കാഡുകളാണ് ഗിന്നസ്‌കുമാർ സ്വന്തമാക്കിയത്. ഒരു മിനിട്ടിൽ 418 പഞ്ചുകൾ ചെയ്‌ത് ബോക്‌സിംഗ് പഞ്ചിംഗിൽ ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയതാണ് ഒടുവിലത്തെ നേട്ടം. കണ്ണമ്മൂല നികുഞ്ചം ടവേഴ്സിൽ ഫ്ളാറ്റിലായിരുന്നു അഭ്യാസപ്രകടനം.
റെക്കാഡ് കുടുംബം
കുടുംബത്തിലെ എല്ലാവരും റെക്കാഡ് പട്ടികയിലെത്തുന്നത് അപൂർവമാണ്. കോസ്‌മോ പൊളിറ്റൻ ഹോസ്‌പിറ്റലിലെ ഡയറ്റീഷ്യനായ ഭാര്യ വിജയലക്ഷ്മി 60 സെക്കന്റിൽ 165 പ്രാവശ്യം കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡിൽ ലോക റെക്കാഡ് നേടിയിരുന്നു. പത്താം ക്ലാസുകാരിയായ മകൾ വി.കെ. കാർത്തിക 60 സെക്കന്റിൽ 89 പ്രാവശ്യം കൈകൾ ഇരു ദിശയിലും കറക്കി റെക്കാഡിട്ടപ്പോൾ ഇളയമകളായ വി.കെ. ദേവിക നാല് വയസുള്ളപ്പോൾ സ്‌കൂളിലെ ഓണാഘോഷത്തിൽ കഥകളി അവതരിപ്പിച്ച് റെക്കാഡ് നേട്ടം കൈവരിച്ചു.
ഗിന്നസ് കുമാറിന്റെ പ്രേരണയാൽ മാതാവും ഭാര്യമാതാവുമെല്ലാം കൈകൊണ്ടുള്ള അഭ്യാസത്തിൽ ലോക റെക്കാഡ് നേടി. ഗിന്നസ് കുമാറിന്റെ റെക്കാഡ് നേട്ടങ്ങൾ യൂ ട്യൂബിലും സോഷ്യൽ മീഡിയയിലും വൈറലാണ്.