rsp

തിരുവനന്തപുരം:ധനമന്ത്രി തോമസ് ഐസക് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചതിനാൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആർ. എസ്. പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഗവർണർക്ക് ഇ - മെയിൽ നിവേദനം നൽകി.

വികസനം അഴിമതി നടത്താനുള്ള ലൈസൻസാണെന്ന സർക്കാർ നയം അപഹാസ്യമാണെന്നും ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ ഭരണഘടന ലംഘിക്കുന്നത് ഗൗരവതരമാണെന്നും ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ എല്ലാ സാമ്പത്തികാധികാരങ്ങളും സംസ്ഥാന സർക്കാരിനും ഉണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് കിഫ്ബിയെ പറ്റിയുള്ള സർക്കാരിന്റെ വാദങ്ങൾ. ഭരണഘടനയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരപരിധി നിർവ്വചിച്ചിട്ടുള്ളത് പാലിക്കാൻ ബാധ്യതയില്ലെന്ന സമീപനം ന്യായീകരിക്കാവുന്നതല്ല. ഭരണഘടനാ ലംഘനം മറയ്ക്കാനാണ് ധനമന്ത്രി റിപ്പോർട്ടിന്റെ നിജസ്ഥിതി പുറത്തുവിടാതെ കരടെന്ന് കാണിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് വിദേശത്ത് നിന്ന് ധനസമാഹരണം നടത്തിയത്. നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് നടപടികൾ പാലിക്കാതെ ധനമന്ത്രി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഔദ്യോഗിക രഹസ്യങ്ങൾ രാഷ്ട്രീയ താല്പര്യതിനായി പരസ്യപ്പെടുത്തുകയും ദുരുപയോഗിക്കുകയും ചെയ്ത ധനമന്ത്രിക്ക് പദവിയിൽ തുടരാൻ അവകാശമില്ല.

ദരിദ്രവിഭാഗങ്ങളുടെ പേരിൽ സർക്കാർ അഴിമതി നടത്തുന്നതിന്റെ തെളിവാണ് ലൈഫ് മിഷൻ, കെ-ഫോൺ പദ്ധതികളിലെ ക്രമക്കേടുകൾ. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതിന്റെ തെളിവുകൾ പുറത്തുവരുന്നതിലുള്ള അസഹിഷ്ണുതയാണ് അന്വേഷണ ഏജൻസികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും എതിരായ പോർവിളിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.