തിരുവനന്തപുരം: ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ്) ദിനമാണ് ഇന്ന്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷംപേർ സി.ഒ.പി.ഡി രോഗബാധിതരാണ്. പുരുഷന്മാരെയും സ്ത്രീകളെയും രോഗം ഒരുപോലെ ബാധിക്കുന്നു.
സി.ഒ.പി.ഡി രോഗികളിൽ കൊവിഡ് പിടിപെട്ടാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. സ്‌പൈറോമെട്രിയ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ശ്വസന വ്യവസ്ഥയുടെ പ്രവർത്തനക്ഷമതയാണ് ഇതിലൂടെ പരിശോധിക്കുന്നത്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. കേരളത്തിൽ ഒരു വർഷം 25,000ലധികം പേർ ഈ രോഗം മൂലം മരണപ്പെടുന്നു.
രോഗത്തിന് കാരണം
പുകവലി, അന്തരീക്ഷ മലിനീകരണം, പുക, വിഷവാതകങ്ങൾ, പൊടി പടലങ്ങൾ, രാസവസ്തുക്കൾ, ശ്വാസകോശ അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ
രോഗ ലക്ഷണങ്ങൾ
ശ്വാസതടസം, അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ. പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പുകവലിയടക്കമുള്ള രോഗകാരണങ്ങളെ നിയന്ത്രിച്ചാൽ രോഗത്തെ തടയാം.
അപകടവും പ്രതിരോധവും
ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ,ഉയർന്ന രക്തസമ്മർദം, വിഷാദരോഗം തുടങ്ങിയവയ്ക്ക് കാരണമാകും.
സി.ഒ.പി.ഡിക്ക് മുഖ്യകാരണം പുകവലിയാണ്. ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ചാണകവറളി, വിറക് മുതലായ ഉപയോഗിക്കാതെ പാരമ്പര്യേതര ഊർജ സോത്രസുകൾ ഉപയോഗിക്കണം.
'സി.ഒ.പി.ഡി ലക്ഷണങ്ങൾ ഉള്ളവർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലുമുള്ള ശ്വാസ് ക്ലിനിക്കുകളുടെ സേവനം ഉപയോഗിക്കണം.'
-കെ.കെ.ശൈലജ
ആരോഗ്യമന്ത്രി