തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) മുഖ്യ പരീക്ഷ 20, 21 തീയതികളിൽ നടക്കും. സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലായി മൂവായിരത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്. തിരുവനന്തപുരത്ത്- 4, കൊല്ലത്തും കൊച്ചിയിലും 2 വീതവും മറ്റു ജില്ലകളിൽ ഓരോ കേന്ദ്രവുമാണുള്ളത്.
ഒന്നും രണ്ടും സ്ട്രീമുകളിൽ നിന്ന് പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയവരാണ് മുഖ്യ പരീക്ഷ എഴുതുന്നത്. മൂന്നാം സ്ട്രീമിൽ ഉൾപ്പെട്ടവരുടെ പരീക്ഷ കോടതി വിധിക്ക് ശേഷമാകും നടത്തുക. അടുത്ത മാർച്ചിനുള്ളിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമന ശുപാർശ നൽകിത്തുടങ്ങാനാണ് പി.എസ്.സി പദ്ധതിയിട്ടിരിക്കുന്നത്. 90 ഒഴിവുകളിലേക്കായിരിക്കും ആദ്യബാച്ചിൽ നിയമനം. വിവരണാത്മക മുഖ്യ പരീക്ഷയുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്താണ് റാങ്ക്പട്ടിക തയാറാക്കുക. 20ന് ആദ്യ രണ്ട് പേപ്പറുകളും 21ന് മൂന്നാം പേപ്പറുമാണ് പരീക്ഷ.
നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് പ്രാഥമിക പരീക്ഷയിൽ 77ഉം ഗസറ്റഡ് റാങ്കിലല്ലാത്ത ജീവനക്കാർക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാർക്കുമാണ് കട്ട്ഓഫ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റൂൾസ് അനുസരിച്ച് ജൂനിയർ ടൈം സ്‌കെയിൽ ഓഫീസർ, സീനിയർ ടൈം സ്‌കെയിൽ ഓഫീസർ, സെക്‌ഷൻ ഗ്രേഡ് സ്‌കെയിൽ ഓഫീസർ, സൂപ്പർ ടൈം സ്‌കെയിൽ ഓഫീസർ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് ഓഫീസർമാരുടെ നിയമനം. 30 വ്യത്യസ്ത വകുപ്പുകൾക്ക് വേണ്ടിയാണ് കെ.എ.എസ് പരീക്ഷ നടത്തുന്നത്.
ഐ.എ.എസ് പരീക്ഷയ്ക്ക് തുല്യമായ മാതൃകയിലാണ് കെ.എ.എസ് മുഖ്യ പരീക്ഷ നടക്കുക. വിവരണാത്മക പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. മൂല്യനിർണയം വേഗത്തിലാക്കാൻ കമ്പ്യൂട്ടർവത്കൃത ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനം തയാറാക്കിയിട്ടുണ്ട്.
കെ.എ.എസ് മുഖ്യപരീക്ഷ
20 (രാവിലെ) : പേപ്പർ 1 ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്)
ഉച്ചകഴിഞ്ഞ് : പേപ്പർ 2 ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്) 21 (രാവിലെ) : പേപ്പർ 3 ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്)
സിലബസ്
പേപ്പർ 1 - ചരിത്രം (ഇന്ത്യ, കേരളം), ചരിത്രം (ലോകം), കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം.
പേപ്പർ 2 - ഇന്ത്യൻ ഭരണഘടന, പൊതുഭരണം, രാഷ്ട്രീയ സംവിധാനം, ഭരണം, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, ശാസ്ത്രവും സാങ്കേതിക വിദ്യയും, ഈ വിഷയങ്ങളിലെ ആനുകാലിക സംഭവങ്ങൾ.
പേപ്പർ 3 - സാമ്പത്തിക ശാസ്ത്രവും, ആസൂത്രണവും, ഭൂമി ശാസ്ത്രവും.