niyamasabha

തിരുവനന്തപുരം:ലൈഫ് മിഷൻ ഇടപാടിലെ അന്വേഷണത്തിനെതിരായ പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ വിശദീകരണം ചർച്ച ചെയ്യാൻ ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി യോഗം ചെയർമാൻ എ. പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.

അന്വേഷണത്തിൽ സഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് ഇ.ഡി നിയമസഭാ സെക്രട്ടറിക്ക് നൽകിയ വിശദീകരണം. അവകാശലംഘനമുണ്ടെന്ന് കണ്ടെത്തിയില്ലെങ്കിൽ ഇ.ഡിയുടെ മറുപടി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് നിയമസഭാസമിതി ഗൗരവമായെടുക്കുമെന്നറിയുന്നു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ വി.എസ്. ശിവകുമാറിന്റെയും മോൻസ് ജോസഫിന്റെയും നിലപാട് അതുകൊണ്ടുതന്നെ നിർണായകമാകും. മറുപടി സമിതി പരിശോധിക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങൾക്ക് ചോർന്നത് സഭയോടുള്ള അവഹേളനമായി കണക്കാക്കി നടപടിയെടുക്കാം. ഇ.ഡിയുടെ മറുപടി സമിതിക്ക് തൃപ്‌തികരമാണെങ്കിൽ നടപടികളൊഴിവാകും. അല്ലെങ്കിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറേയും പരാതി നൽകിയ എം.എൽ.എയെയും സമിതിക്ക് വിളിച്ചുവരുത്താം.