തിരുവനന്തപുരം: സി.എ.ജിയുടെ സാമ്പത്തിക ആഡിറ്റ് റിപ്പോർട്ട് ഗവർണറുടെ അനുമതിയോടെ നിയമസഭയിൽ സമർപ്പിക്കാതെ പരസ്യപ്പെടുത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണഘടനാ ലംഘനവും നിയമസഭയെ അവഹേളിക്കുകയും ചെയ്‌ത അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്‌ക്കണം. ഇക്കാര്യമുന്നയിച്ച് ഇന്നലെ സ്‌പീക്കർക്ക് പരാതി നൽകി.
മസാലബോണ്ടിൽ ക്രമക്കേട് നടന്നുവെന്നും കേന്ദ്രാനുമതിയില്ലാതെയാണ് നടപ്പാക്കിയതെന്നും കിഫ്ബി ഇടപാടുകൾ ഒാഡിറ്റ് ചെയ്യണമെന്നതുമുൾപ്പെടെയുള്ള ഭാഗങ്ങളാണ് 14ന് വാർത്താസമ്മേളനം നടത്തി ധനമന്ത്രി പുറത്തുവിട്ടത്. ഇതിനെതിരെ ആക്ഷേപമുയർന്നപ്പോൾ സി.എ.ജിയുടേത് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. ദീർഘകാലം നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. തോമസ് ഐസക്കിന് ഇക്കാര്യം അറിയില്ലെന്ന് പറയുന്നത് ശരിയല്ല.
കിഫ്ബിയെയോ അതുവഴിയുള്ള വികസനപ്രവർത്തനങ്ങളെയോ അല്ല പ്രതിപക്ഷം എതിർക്കുന്നത്. കിഫ്ബിയുടെ മറവിൽ നടത്തുന്ന തീവെട്ടിക്കൊള്ളയെയാണ് എതിർക്കുന്നത്. സി.ഡി.പി.ക്യൂവിന് മസാലബോണ്ട് കൈമാറി അതിന്റെ തുക കൈപ്പറ്റിയ ശേഷമാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ മണിയടിച്ചത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസിൽപെട്ട് വിവാദത്തിലായ ലാവ്‌ലിനുമായി ബന്ധമുള്ള സ്ഥാപനമാണ് മസാലബോണ്ട് വൻ പലിശയ്‌ക്ക് വാങ്ങിയ സി.ഡി.പി.ക്യൂ ഇതിന് പിന്നിൽ അഴിമതിയും കമ്മിഷൻ തട്ടിപ്പുമുണ്ട്. ഇതേക്കുറിച്ച് അന്വേഷണവും വിപുലമായ ആഡിറ്റും നടത്തണം.
വികസനത്തിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ കള്ളംപറഞ്ഞ് വീണിടത്തുകിടന്ന് ഉരുളുകയാണ് ധനമന്ത്രി. കോൺഗ്രസ്, ബി.ജെ.പി ഗൂഢാലോചനയെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുകയാണ് മുഖ്യമന്ത്രി. ഇത്തരം നടപടികളിലൂടെ ജനങ്ങളെ കബളിപ്പിക്കാതെ അന്തസായി അന്വേഷണം നേരിടുകയാണ് വേണ്ടത്.
രാഷ്ട്രീയനേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുടെ കോടതിയിലെ പ്രസ്‌താവന മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള അടവാണ്. ശിവശങ്കറിനെയും സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെയും മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.