തൃശൂർ: സ്വർണാഭരണ പണിശാലയിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച ബംഗാൾ സ്വദേശി പിടിയിൽ. ചിയ്യാരം നിസ്‌കാര പള്ളിക്കു സമീപം സ്വർണാഭരണ പോളിഷിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായ പശ്ചിമബംഗാൾ ഹൗറ സ്വദേശി കുമാർ (25) ആണ് നെടുപുഴ പൊലീസിന്റെ പിടിയിലായത്. ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിൻ നടത്തുന്ന സ്വർണാഭരണ പോളിഷിംഗ് സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലിക്കാരനായിരുന്നു ഇയാൾ.
തിങ്കളാഴ്ച രാവിലെ സ്വർണാഭരണ പണിശാലയിലേക്കാവശ്യമായ 500 ഗ്രാം സ്വർണം ഇയാൾക്ക് കടയുടമയായ വിബിൻ കൊടുത്തയച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞ് സ്ഥാപനത്തിലെത്തിയ വിബിൻ സ്ഥാപനം അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപെടുകയും, കുമാറിനെ അന്വേഷിച്ചപ്പോൾ കാണാനില്ലായിരുന്നു. ഉടൻ സ്ഥാപന ഉടമയായ വിബിൻ നെടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലായത്.
തൃശൂർ അസി. കമ്മിഷണർ വി.കെ. രാജു കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തന്റെ സ്വദേശത്തേക്കുള്ള യാത്രയ്ക്കിടെ കോയമ്പത്തൂർ ആർ.എസ് പുരം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പിടിയിലാകുകയായിരുന്നു. പ്രതിയുടെ കൈവശം നിന്നും മോഷണ മുതൽ മുഴുവനായും കണ്ടെടുത്തു. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതിയെ പിടികൂടുന്നതിനും കളവു മുതൽ കണ്ടെടുക്കാൻ കഴിഞ്ഞതും ശ്രദ്ധേയമായി. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ നെടുപുഴ എസ്.ഐ: ജി. അരുൺ, സി.പി.ഒമാരായ അഖിൽ വിഷ്ണു, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.