joseph

തിരുവനന്തപുരം: ഇരു മുന്നണികളിലേക്ക് വഴിപിരിഞ്ഞു പോയ കേരള കോൺഗ്രസ്-എം ജോസഫ്, ജോസ് കെ.മാണി വിഭാഗങ്ങളിൽ ആർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കില്ല. ഹൈക്കോടതിയിലെ കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു.പകരം ജോസഫ് വിഭാഗത്തിന് 'ചെണ്ട'യും ജോസ് വിഭാഗത്തിന് 'ടേബിൾ ഫാനും' അനുവദിച്ചു.

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ജോസഫ് വിഭാഗത്തിന്റെ ഹർജിയിൽ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്‌തിരുന്നു. ഇതിന്റെ വിചാരണ നടക്കുകയാണ്. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു വിഭാഗവും രണ്ടിലയ്‌ക്കായി കമ്മിഷൻ മുമ്പാകെ അവകാശവാദം ഉന്നയിച്ചതോടെ ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി ചിഹ്നം മരവിപ്പിക്കുകയായിരുന്നു.ജോസ് വിഭാഗത്തിന് രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരും ഉണ്ടായിരുന്നതും സംസ്ഥാന സമിതിയിലെ ഭൂരിപക്ഷവും കണക്കിലെടുത്താണ് കേന്ദ്ര കമ്മിഷൻ വിധി പ്രസ്താവിച്ചത്. ഇതിനെയാണ് ജോസഫ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.
നിലവിൽ ജോസഫ് വിഭാഗത്തിന് രണ്ട് എം.എൽ.എമാർ മാത്രമാണുള്ളത്. ചങ്ങനാശ്ശേരി അംഗമായിരുന്ന സി.എഫ്. തോമസ് അന്തരിച്ചു. രാജ്യസഭാ എം.പി സ്ഥാനം ജോസ് കെ.മാണി ഒഴിഞ്ഞതിനാൽ ലോക്‌സഭയിലേ ഇപ്പോൾ അവർക്ക് എം.പി സ്ഥാനമുള്ളൂ. നിയമസഭയിൽ രണ്ട് എം.എൽ.എമാരുണ്ട്.