തിരുവനന്തപുരം: അഞ്ച് വർഷത്തെ സ്വാശ്രയ എം.ബി.ബി.എസ് പഠനത്തിന് ഒന്നേകാൽ കോടിയിലേറെ രൂപ ഫീസ് ഈടാക്കാൻ വഴിയൊരുങ്ങി.
ജസ്റ്റിസ് രാജേന്ദ്രബാബു സമിതി 19 കോളേജുകളിൽ നിശ്ചയിച്ച 6.22 ലക്ഷം മുതൽ 7.65ലക്ഷം വരെയുള്ള വാർഷിക ഫീസിനെതിരെ കോടതിയിലെത്തിയ സ്വാശ്രയലോബി, 11ലക്ഷം മുതൽ 22 ലക്ഷം വരെ വാർഷിക ഫീസ് വിജ്ഞാപനം ചെയ്യാൻ ഉത്തരവുനേടി. എൻട്രൻസ് കമ്മിഷണർ ഇതിനുള്ള വിജ്ഞാപനം ഇറക്കിയത് സാമ്പത്തിക ശേഷി കുറഞ്ഞ മിടുക്കർക്ക് ആഘാതമായി.
ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.
2017ബാച്ച് മുതൽ ഫീസ് 12 ലക്ഷം വരെ ഉയർത്താനുള്ള മാനേജ്മെന്റുകളുടെ കേസ് സുപ്രീംകോടതിയിലുണ്ട്. രാജേന്ദ്രബാബു സമിതി നിശ്ചയിച്ചത് 4.60 - 7.19 ലക്ഷമായിരുന്നു. എന്നാൽ അവസാനവർഷക്കാർ ഉൾപ്പെടെ മൂന്ന് ബാച്ചിലെ കുട്ടികളിൽ അധികഭാരം അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
കഴിഞ്ഞ വർഷത്തേക്കാൾ 6.41% കൂട്ടിയാണ് ഇക്കൊല്ലത്തെ ഫീസ് നിശ്ചയിച്ചത്. ട്യൂഷൻ ഫീസും 70,000രൂപ സ്പെഷ്യൽഫീസും ഒരു ലക്ഷം ഹോസ്റ്റൽ ഫീസും ഉൾപ്പെടെ പരമാവധി 9 ലക്ഷത്തിനുള്ളിലാണ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ചത്. ഇതിനെതിരെയാണ് മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ പോയത്.
ആദ്യം കേസിന് പോയ കോഴിക്കോട് കെ.എം.സി.ടിയുടെ ആവശ്യം 12ലക്ഷമാണ്. പാലക്കാട് പി.കെ.ദാസ് കോളേജ് ആവശ്യപ്പെട്ടത് 22 ലക്ഷമാണ്. എൻ.ആർ.ഐ ക്വോട്ടയിൽ 25ലക്ഷവും. 10കോളേജുകളേ ഫീസ്ഘടന നൽകിയിട്ടുള്ളൂ. ഒമ്പതിടത്തെ കണക്കുകൾ വന്നിട്ടില്ല.
കുട്ടികളെ മറന്നുള്ള തീക്കളി
@ 6.22- 7.65ലക്ഷം ഫീസിൽ ഓപ്ഷൻ നൽകിയ കുട്ടികൾക്ക് ഇരുട്ടടിയാണ്
@കൂടിയഫീസ് അടയ്ക്കാമെന്ന് സത്യവാങ്മൂലം നൽകേണ്ടിവരും.
@മാനേജ്മെന്റുകൾ ബാങ്ക്ഗാരന്റിയും ആവശ്യപ്പെട്ടേക്കാം.
ഇതാണ് തന്ത്രം
സ്വാശ്രയ കോളേജുകളിലെ 15%സീറ്റിൽ രാജ്യത്ത് എവിടെനിന്നുള്ളവരെയും പ്രവേശിപ്പിക്കാം. 225-250സീറ്റുകളാണ് ഇതിന് മാറ്റിവയ്ക്കുക. കൂടിയഫീസിൽ പഠിക്കാനാളില്ലെന്ന് പറഞ്ഞ് കൂടുതൽ അന്യ സംസ്ഥാനക്കാരെ പ്രവേശിപ്പിക്കുകയാണ് തന്ത്രം. ഏജന്റുമാർ പണം പിരിക്കും.
എം.ബി.ബി.എസ്
ഓപ്ഷനുകൾ മാറ്റാൻ അവസരം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിൽ ഒന്നാം അലോട്ട്മെന്റിന് ഓപ്ഷൻ നൽകാനുള്ള സമയം നീട്ടി. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ 19ന് പകൽ 12വരെ ഓപ്ഷൻ നൽകാനാവും. 20ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471-2525300.
സ്വാശ്രയ എം.ബി.ബി.എസ് കോളേജുകളിൽ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച 6.22–7.65 ലക്ഷം രൂപ ഫീസ് പ്രകാരമാണ് ആദ്യം ഓപ്ഷൻ വിളിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം മാനേജുമെന്റുകൾ ആവശ്യപ്പെട്ട 11–22 ലക്ഷം ഫീസ് എൻട്രൻസ് കമ്മിഷണർ വിജ്ഞാപനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓപ്ഷനുകൾ പുനക്രമീകരിക്കാൻ അവസരം നൽകിയത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഏഴ് കോളേജുകൾ കത്ത് നൽകി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏഴ് മെഡിക്കൽ കോളജുകൾ കൂടി ഉയർന്ന ഫീസ് നിരക്ക് ആവശ്യവുമായി പ്രവേശന പരീക്ഷ കമ്മീഷണർക്ക് കത്ത് നൽകി. പെരിന്തൽമണ്ണ എം.ഇ.എസ്, കൊല്ലം അസീസിയ, കാരക്കോണം സോമർവെൽ സി.എസ്.ഐ, കൃസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള തൃശൂർ അമല, ജൂബിലി, കോലഞ്ചേരി മലങ്കര, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കൽ കോളേജുകളാണ് ഫീസ് ഘടന അറിയിച്ചത്.
ഇതിൽ കൃസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള നാല് കോളജുകളും 85 ശതമാനം സീറ്റുകളിലേക്ക് 7.65 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എൻ.ആർ.ഐ ക്വാട്ടയിൽ 22 ലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. പെരിന്തൽമണ്ണ എം.ഇ.എസ് 85 ശതമാനം സീറ്റിൽ 10,48,000 രൂപയും എൻ.ആർ.ഐ സീറ്റിൽ 23,69,000 രൂപം ആവശ്യപ്പെട്ടു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് 85 ശതമാനം സീറ്റിൽ 12 ലക്ഷം രൂപയും എൻ.ആർ.ഐയിൽ 25 ലക്ഷം രൂപയും കൊല്ലം അസീസിയയിൽ 85 ശതമാനം സീറ്റിൽ 20,70,000 രൂപയും എൻ.ആർ.ഐയിൽ 28,75,000 രൂപയുമാണ് ആവശ്യപ്പെട്ടത്. ഈ ഏഴ് കോളജുകൾക്കും 6,55,500 രൂപയാണ് 85 ശതമാനം സീറ്റിലേക്ക് ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകിയത്. 20 ലക്ഷം രൂപ എൻ.ആർ.ഐ ഫീസും. കോടതി ഉത്തരവിനെ തുടർന്ന് ഈ കോളജുകൾ ആവശ്യപ്പെട്ട ഫീസ് വിവരം അടുത്ത ദിവസം പ്രവേശന പരീക്ഷ കമ്മീഷണർ വിജ്ഞാപനത്തിലൂടെ വിദ്യാർത്ഥികളെ അറിയിക്കും.