tharam

കിളിമാനൂർ: കൊവിഡ് കാലത്ത് കാനാറയിലെ പൊതുശ്മശാനം (സമത്വ തീരം) ആശ്രയമായത് നൂറോളം കുടുംബങ്ങൾക്ക്. ബന്ധു ജനങ്ങൾ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ വീടിനോട് ചേർന്നോ വീടിനകത്തോ ഒക്കെ മൃതദേഹം അടക്കം ചെയ്യേണ്ട ഗതികേടിലായിരുന്നു ജനങ്ങൾ. ആ സാഹചര്യത്തിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിന് കീഴിലുള്ള മറ്റു പഞ്ചായത്തുകളുമായി ചേർന്ന് പൊതുശ്മശാനം നിർമ്മിച്ചത്.

കൊവിഡ് പിടിപെട്ട് മരിച്ചവരെ വീടുകളിൽ അടക്കം ചെയ്യാൻ പറ്റാതെ വന്നപ്പോൾ വിദൂര സ്ഥലങ്ങളിലെ ശ്മശാനങ്ങൾ തേടി പോകേണ്ടിടത്ത് കാനാറയിലെ ശ്മശാനം സഹായമായി. ബ്ലോക്കിന് കീഴിലെ മാത്രമല്ല മറ്റു പഞ്ചായത്തുകളിൽ ഉള്ളവർക്കും ഈ ശ്മശാനം സഹായകമായി.

ലൈഫ് പദ്ധതി പ്രകാരം ഒക്കെ സർക്കാർ വീടുകൾ നൽകുമ്പോഴും വർദ്ധിച്ചു വരുന്ന ജനസംഖ്യാ വർദ്ധനയ്ക്കനുസരിച്ച് പുരയിടം ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനു ഇത്തരം പദ്ധതികൾ അത്യാവശ്യമായിരുന്നു. ബ്ലോക്കിന് ഒരു ശ്മശാനം എന്ന സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് "സമത്വ തീരം എന്ന പദ്ധതി നടപ്പിലാക്കിയത്.