തിരുവനന്തപുരം: തെറ്റിദ്ധരിച്ചോ അല്ലാതെയോ സി.എ.ജിയുടെ അന്തിമ റിപ്പോർട്ട്, കരടെന്ന നിലയിൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതിലൂടെ ധനമന്ത്രി തോമസ് ഐസക് അവകാശലംഘനക്കുരുക്കിൽ പെട്ടത് തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെയും വെട്ടിലാക്കി. കിഫ്ബിയെ ചൊല്ലിയുള്ള ആരോപണ- പ്രത്യാരോപണങ്ങളിലേക്ക് രാഷ്ട്രീയവിവാദം വഴിമാറി.
മന്ത്രിയുടെ പ്രവൃത്തി അവകാശലംഘനമായതിനാൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി. മന്ത്രിയോട് വിശദീകരണം തേടിയ ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കറുടെ പ്രതികരണമെന്ന് പ്രതിപക്ഷകേന്ദ്രങ്ങൾ സൂചിപ്പിച്ചു. അവകാശലംഘനത്തിലുപരി മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നും വി.ഡി. സതീശന്റെ അവകാശലംഘന നോട്ടീസ് പ്രിവിലജസ് കമ്മിറ്റിക്ക് അയയ്‌ക്കണമെന്നും പ്രതിപക്ഷം പറയുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ അന്തിമ റിപ്പോർട്ടാണ് സി.എ.ജി സമർപ്പിച്ചത്. സർക്കാർ ജാമ്യത്തിൽ കിഫ്ബി വിദേശത്തു നിന്ന് സമാഹരിച്ച 2180 കോടി രൂപയുടെ വായ്‌പ ഭരണഘടനാവിരുദ്ധമാണെന്ന പരാമർശമാണ് റിപ്പോർട്ടിൽ. ഇത് കിഫ്ബിയുടെ മാത്രം ഓഡിറ്റ് റിപ്പോർട്ടല്ലെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് അറിയുന്നത്.
കിഫ്ബിയുടെ ഇടപാടുകൾ സംബന്ധിച്ച് 14 (1) പ്രകാരമുള്ള ഓഡിറ്റ് നടക്കുന്നുണ്ട്. ഇതിനായി സി.എ.ജി സർക്കാരിനോട് 73 ചോദ്യങ്ങളുന്നയിച്ചു. ഇതുയർത്തിക്കാട്ടി മന്ത്രി നടത്തിയ 'എടുത്തുചാട്ടം' പൊല്ലാപ്പായെന്നാണ് കാണുന്നത്. ഇതിന്റെ റിപ്പോർട്ട് അന്തിമമായിട്ടില്ലെന്ന് മന്ത്രി പറയുന്നത് സാങ്കേതികമായി ശരിയാണ്. സി. എ. ജി റിപ്പോർട്ടിൽ കിഫ്ബി ഫണ്ട് പരാമർശിച്ചത് കണ്ട് മന്ത്രി തെറ്റിദ്ധരിച്ച് വെട്ടിലായെന്ന് വേണം കരുതാൻ.
ബഡ്‌ജറ്റിനായി സഭ സമ്മേളിക്കുമ്പോഴാണ് ഈ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. തുടർന്ന് റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് വിടും. അവർ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തും. അങ്ങനെ ലളിതമായി തീരാവുന്ന വിഷയമാണ് മന്ത്രി സങ്കീർണമാക്കി വിവാദത്തിലെത്തിച്ചതെന്നാണ് ഇടതുമുന്നണിയിലും സംസാരം. കിഫ്ബിയുടെ സമ്പൂർണ്ണ ഓഡിറ്റ് റിപ്പോർട്ട് മിക്കവാറും അടുത്ത സർക്കാരിന്റെ കാലത്തായിരിക്കും വരിക.