കൊട്ടിയം: ലഹരി ഉപയോഗം പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രധാന പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി. വാളത്തുംഗൽ ഹൈദരാലി നഗർ ചേരൂർ വടക്കതിൽ ഫിറോസ് ഖാനാണ് (23) അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് എന്നയാളെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വാളത്തുങ്കൽ പുത്തൻചന്ത പൂച്ച വയൽഭാഗത്ത് വച്ച് വാളത്തങ്കൽ ചേതനാ നഗർ 34 ഗിരിജാ നിവാസിൽ അനുരാഗിനെയാണ് (28) ഫിറോസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആളൊഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി വരികയായിരുന്ന അനുരാഗിനെ ആക്രമിക്കുകയായിരുന്നു.
അനുരാഗ് പാലത്തറയിലെ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഫിറോസ് ഖാനെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു.