issac

തിരുവനന്തപുരം:മസാല ബോണ്ട് ഇറക്കി കൂടിയ പലിശയ്‌ക്ക് വായ്‌പ വാങ്ങാനുള്ള നീക്കത്തെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കിഫ്ബി ജനറൽ ബോഡിയിൽ എതിർത്തത് സ്വാഭാവികമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുടെ യോഗം മൂന്നും നാലും മണിക്കൂർ നീളും. ഗൗരവമായ ചർച്ച നടക്കും. പലർക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. എല്ലാവരും ഒരേ കാര്യം പറയാൻ ഇത് സർവമത സമ്മേളനമൊന്നുമല്ല.

2018 ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എതിരഭിപ്രായങ്ങൾ ഉയർന്നത്. ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയ്‌ക്ക് വായ്പ ലഭിക്കുമെന്നിരിക്കേ വിദേശത്ത് മസാല ബോണ്ട് ഇറക്കി ഉയർന്ന പലിശയ്‌ക്ക് വായ്‌പ എടുക്കുന്നതിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷിയും എതിർത്ത വിവരമാണ് പുറത്തുവന്നത്. ഈ രംഗത്തെ വിദഗ്ദ്ധരായ ആക്സിസ് ബാങ്കിൽ നിന്നും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നും ഉപദേശം വാങ്ങിയ ശേഷമായിരുന്നു മസാല ബോണ്ടിന് കിഫ്ബി നീക്കം തുടങ്ങിയത്. ഇത് തുടരണമോ വേണ്ടയോ എന്നായിരുന്നു യോഗം തീരുമാനിക്കേണ്ടിയിരുന്നത്. വിദേശ വിനിമയ നിരക്കിലെ ഏറ്രക്കുറച്ചിലുകളുടെ മുൻ കാല ചരിത്രം പഠിച്ച് തീരുമാനമെടുക്കാമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും ബോ‌ർ‌ഡിലെ വിദഗ്ദ്ധാംഗം പ്രൊഫ. ഖന്ന നിരാകരിച്ചു. വായ്പയെടുക്കുമ്പോൾ അതിന്റെ റിസ്ക് പരിഗണിക്കുന്നതിൽ മുൻകാല ഡേറ്ര നോക്കുന്നതിൽ ശാസ്ത്രീയതയില്ലെന്നായിരുന്നു ഖന്നയുടെ വാദം. ഇതിലും ചെറിയ നിരക്കിൽ വായ്പ കിട്ടാൻ പ്രയാസമാവുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എൻ.ഗുപ്ത, സലിം ഗംഗാധരൻ എന്നിവരും ഇവരെ അനുകൂലിച്ചു.വിദേശ വിപണയിലെ ബോണ്ടുകൾ സംബന്ധിച്ച നിയമങ്ങൾ അതി വേഗം മാറുമെന്നായിരുന്നു സലിം ഗംഗാധരന്റെ വാദം. അവസരം മുതലാക്കണമെന്നായിരുന്നു ആർ.കെ.നായർ വാദിച്ചത്. വിദേശ വിപണിയിലേക്ക് വഴി തുറന്നുകിട്ടുമ്പോൾ അതു പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.