കൊല്ലം: കൊട്ടിയത്ത് റംസിയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണത്തിനും നടപടികൾക്കും ഹൈക്കോടതി തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ചും റംസിയുടെ കുടുംബവും. കേസിൽ സീരിയൽ നടി ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച അപ്പീലിൽ പ്രതികളോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കേസ് പിന്നീട് കോടതിയുടെ പരിഗണനയ്ക്കെത്തിയില്ല.
റംസിയെ പീഡനത്തിനും ഗർഭച്ഛിദ്രത്തിനും ഇരയാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത നടി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റും ചോദ്യം ചെയ്യലും കോടതി തീരുമാനം വരാത്തതിനാൽ നീളുകയാണ്.
ഇത് സംബന്ധിച്ച ആശങ്ക റംസിയുടെ പിതാവ് റഹിം ക്രൈം ബ്രാഞ്ചുമായി പങ്കുവച്ചെങ്കിലും നിയമവിദഗ്ദ്ധരുടെ സഹായത്തോടെ കേസ് പരിഗണിക്കുന്നതിനാവശ്യമായ നടപടിയൊന്നും ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മുൻകൂർ ജാമ്യം എതിർത്തുള്ള അപ്പീലിൽ ഈമാസം 11ന് മുൻപ് വിശദീകരണം നൽകാനാണ് നടിയുൾപ്പെടെയുള്ളവർക്ക് കോടതി സമയം അനുവദിച്ചിരുന്നത്. ഹൈക്കോടതിയിൽ പ്രതിഭാഗം വിശദീകരണം സമർപ്പിച്ചെങ്കിലും കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നില്ല.
കേസിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന് നടിയുൾപ്പെടെയുള്ളവരെ കാലതാമസം കൂടാതെ ചോദ്യം ചെയ്യേണ്ടതുണ്ട്. അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കോടതി തീരുമാനത്തിന് വിധേയമായേ അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ.
പ്രതികളെ ചോദ്യം ചെയ്യുന്നതിനും അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണുള്ളതെങ്കിലും കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സ്വന്തം നിലയ്ക്കുള്ള തെളിവുകളും സാക്ഷിമൊഴികളും ഇപ്പോഴും ശേഖരിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു. കേസിലെ ഒന്നാം പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ വീണ്ടും കോടതിയെ സമീപിച്ചതായി പറയപ്പെടുന്നെങ്കിലും ഇത് സംബന്ധിച്ച് കോടതി നോട്ടീസുകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.