മാള: മാളയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അരക്കോടിയുടെ ഹാഷിഷ് എക്സൈസ് ഇന്റലിജൻസും മാള റേഞ്ച് സംഘവും ചേർന്ന് പിടികൂടി. ഹാഷിഷുമായെത്തിയ മൊത്ത വിൽപ്പനക്കാരനായ കൊടകര കനകമല ശാന്തിനഗർ സ്വദേശി കിഴക്കൂടൻ ദാസൻ എന്ന ജെറിനെ (31) എക്സൈസ് മാള സബ് ഇൻസ്പെക്ടർ ടി.ആർ രാജേഷ് അറസ്റ്റ് ചെയ്തു.
മൊത്തവിൽപ്പനക്കാരനായ ജെറിൻ മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസിനെത്തി കെ.കെ റോഡിൽ കാത്തുനിൽക്കാമെന്ന് ഉറപ്പിച്ചിരുന്ന ചില്ലറ വിൽപ്പനക്കാരന് കൈമാറാനാണ് ഒരു കിലോയോളം തൂക്കം വരുന്ന ഹാഷിഷ് കൊണ്ടുവന്നത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവന്നതാണ് ഹാഷിഷ്. ചാലക്കുടി, മാള, പെരുമ്പാവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി ലഹരി മരുന്ന് വൻതോതിൽ കടത്തുന്നതായി മദ്ധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് കേസ് കണ്ടെത്തിയത്. കൊവിഡ് കാലമായതിനാൽ ബസിൽ മാറിക്കയറിയാണ് ലഹരിമരുന്ന് കടത്തിയത്. മയക്കുമരുന്ന് ഡി.ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചത്. മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് ഇവയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
തൃശൂർ ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ് കുമാർ, മാള എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ രാജേഷ്, ഇന്റലിജൻസ് ഓഫീസർമാരായ കെ. മണികണ്ഠൻ, കെ.എസ് ഷിബു, ഒ.എസ് സതീഷ്, ടി.എ ഷഫീക്, റേഞ്ച് ഉദ്യോഗസ്ഥരായ എസ്. അജയൻ പിള്ള, എം.കെ കൃഷ്ണൻ, സി.എ ജോഷി, സി.കെ ചന്ദ്രൻ, കെ.എൻ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹാഷിഷ് പിടികൂടിയത്.