കുതിരാനിൽ റോഡ് നിർമ്മാണം മുടങ്ങി
തൃശൂർ: കുതിരാൻ ദേശീയപാത സർവീസ് റോഡ് നിർമ്മാണത്തിനിടെ മലമ്പാമ്പിന് പരിക്കേറ്റ് ചത്ത സംഭവത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി കാജി നസ്രുൽ ഇസ്ലാമിനെയാണ് (21) വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ ടണലിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമ്മിക്കുന്നതിനിടെയായിരുന്നു സംഭവം. കൂട്ടിയിട്ടിരുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിനിടെയാണ് മലമ്പാമ്പ് പുറത്തേക്കുവന്നത്. അതിനിടെ ജെ.സി.ബി തട്ടി മലമ്പാമ്പിന് മുറിവേറ്റിരുന്നു. അത് പിന്നീട് ചത്തു. സർവീസ് റോഡ് നിർമ്മാണവും മുടങ്ങി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരെ എടുക്കുന്ന നാലാമത്തെ കേസാണിത്. തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും സർവീസ് റോഡ് നിർമ്മാണം താത്കാലികമായി നിറുത്തി വയ്ക്കുകയാണെന്നും നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്തവർക്ക് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. ഇന്ന് വീണ്ടും വാദം കേൾക്കും. മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഏകമാർഗം സർവീസ് റോഡുകൾ പൂർത്തീകരിക്കുകയെന്നതാണ്. ഇതിനായുള്ള നിർമ്മാണം ശനിയാഴ്ചയാണ് ആരംഭിച്ചത്.