തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടവക്കോട്,നെടുങ്കാട് വാർഡുകളിൽ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്. ഇടവക്കോട് വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം. ഇടവക്കോട് വാർഡിൽ ഡി.സി.സി അംഗമായ ചേന്തി അനിലിന്റെ പേരാണ് വാർഡ് കമ്മിറ്റി ശുപാർശ ചെയ്‌തത്. എന്നാൽ ചെറുവയ്‌ക്കൽ വാർഡിൽ സി.എം.പി സ്ഥാനാർത്ഥിയായി അനിയുടെ ഭാര്യ സിനി മത്സരിക്കുന്നതിനാൽ ഭാര്യയ്‌ക്കും ഭർത്താവിനും സീറ്റ് നൽകാൻ കഴിയില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം നിലപാടെടുത്തതിന് പിന്നാലെ മൂന്ന് തവണ മത്സരിച്ച് പരാജയപ്പെട്ട ഇടവക്കോട് അശോകനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ തീരുമാനം. ഇന്നലെ ഇതിന്റെ ഭാഗമായി പ്രവർത്തകർ വാർഡിൽ പ്രകടനം നടത്തിയിരുന്നു. നെടുങ്കാട്ട് ക്ഷീര കർഷക കോൺഗ്രസിന്റെ നേതാവായ ആനത്താനം രാധകൃഷ്ണനെയായിരുന്നു സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. ഇദ്ദേഹം പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ പൊടുന്നനെ പുതിയ സ്ഥാനാർത്ഥിയെ നൂലിൽ കെട്ടിയിറക്കിയെന്നാണ് ആരോപണം. ഫോർവേഡ് ബ്ലോക്കിലെ പത്മകുമാറിനെ സ്ഥാനാർത്ഥിയായി ജില്ലാ നേതൃത്വം നിശ്ചയിക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർക്കിടയിലെ പൊട്ടിത്തെറി പരസ്യമായി. പ്രചാരണപരിപാടികളിൽ നിന്നെല്ലാം അവർ വിട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പിലും സഹകരണം വേണ്ടന്ന നിലപാടെടുത്തതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയനീക്കം നടത്തുന്നുണ്ട്. പല വാർഡുകളിലും മുൻ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥികളെ തഴഞ്ഞ് ജില്ലാ നേതൃത്വത്തിന് താത്പര്യമുള്ളവരെ കെട്ടിയിറക്കുന്നുവെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.