തിരുവനന്തപുരം: ഇത്തവണ സീറ്റുകിട്ടാൻ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ തവണ കഷ്ടിച്ചാണ് ജയിച്ചത്. ആ വാർഡ് വനിതാ സംവരണമായപ്പോൾ അടുത്ത വാർഡിലോട്ടു ചാടി. അവിടെ സ്ഥാനാർത്ഥിയാകാൻ ആർത്തിയുമായി ധാരാളം പേർ. അവരെയൊക്കെ കാണേണ്ടതുപോലെ കണ്ട് ഒതുക്കിയെടുത്ത് നേതാവ് സ്ഥാനാർത്ഥിപ്പട്ടം സംഘടിപ്പിച്ചെടുത്തു. എന്നിട്ട് നേരെ പോയത് ജ്യോത്സ്യന്റെ അടുത്താണ്. കഴിഞ്ഞ തവണ രാജയോഗമാണെന്ന് പറഞ്ഞ ജ്യോത്സ്യനാണ്. പറഞ്ഞതുപോലെ ജയിക്കുകയും ചെയ്‌തു. ജ്യോത്സ്യൻ കവടി നിരത്തി. ' ഗുളികന്റെ സ്ഥിതി അനുകൂലമല്ല ' ജ്യോത്സ്യൻ സ്ഥാനാർത്ഥിയുടെ മുഖത്തേക്കു നോക്കി. ' എന്റെ സ്ഥിതിയോ? ' എന്ന് സ്ഥാനാർത്ഥി. ' അതാണ് പറഞ്ഞുവരുന്നത് '- ജ്യോത്സ്യൻ സീരിയസായി. ' ഗുളികൻ ആറിൽ നിൽക്കുന്നു പാപയോഗ ദൃഷ്ടികളുമുണ്ട്... ഇത്തവണ പ്രശ്‌നമാണ്... കടബാദ്ധ്യതയാണ് ഫലമെന്നു കാണിക്കുന്നു'. സ്ഥാനാർത്ഥി വിയർക്കാൻ തുടങ്ങി. ' കഴിഞ്ഞ തവണ വന്നപ്പോൾ രാജയോഗമെന്നല്ലേ പറഞ്ഞത് ?'' 'ലഗ്നത്തിൽ ഗുളികൻ മാത്രമായി നിൽക്കുകയായിരുന്നു അപ്പോൾ...' ഒരു ലഗ്നവും ഗുളികനും... പിറുപിറുത്തുകൊണ്ട് സ്ഥാനാർത്ഥി പോയി. ഒരാൾ മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികൾ ജ്യോതിഷന്മാരെ സമീപിക്കാറുണ്ട്. ചിലരൊക്കെ പൂജാരിമാരെയാണ് കാണുന്നത്. അമ്പലങ്ങളിലും പള്ളികളിലും നേർച്ചയോട് നേർച്ച. വിജയവഴിയിൽ തടസമുണ്ടെങ്കിൽ പരിഹാരവും ജ്യോത്സ്യന്മാർ ഉപദേശിക്കും. കഴിഞ്ഞതവണ ജ്യോത്സ്യന്റെ വാക്കുകേട്ട് കോർപറേഷനിലെ ഒരു സ്ഥാനാർത്ഥി ഫലം വരുന്നതിനു ഏഴുദിവസം മുമ്പ് വീട്ടിൽ തുടർച്ചയായി പൂജയും ഹോമവുമൊക്കെ നടത്തി. ഫലം വന്നപ്പോൾ ജയിച്ചു. ജയിക്കാനേറെ പ്രയാസമുള്ള വാർഡായിരുന്നു. അതിനു മുമ്പ് അവിടെ ആ പാർട്ടി മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ ആ സ്ഥാനാർത്ഥിയോട് മറ്റുള്ളവർ വിളിച്ചു ചോദിക്കുന്നുണ്ടത്രേ... 'അന്ന് ആരെയാണ് കണ്ടത്?... സ്ഥലം എവിടെയാ?'...