തിരുവനന്തപുരം : യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടുന്ന പ്രത്യേകതരം രോഗമാണ് കേന്ദ്ര ഏജൻസിക്കെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി കുറ്റപ്പെടുത്തി. എൽ.ഡി.എഫിന്റെ വികസനപദ്ധതിയായ കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ട് സർക്കാരിന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്രമാണ്. ഇതോടെ സി.എ.ജി അന്തസ് കളഞ്ഞുകുളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ ഇടത് സ്ഥാനാർത്ഥികളുടെ സംഗമം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ.ബേബി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയത്തിൽ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഏജൻസികൾ പ്രവർത്തിക്കുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളെല്ലാം റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെയാണ്. നാട്ടിൽ നടക്കുന്ന വികസനങ്ങൾ ഇല്ലാതാക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എൽ.ഡി.എഫിന് കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന ചാനൽ സർവേ ഫലം വന്നതിന് പിന്നാലെയാണ് ആസൂത്രിതമായ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ മുഖ്യഎതിരാളി ബി.ജെ.പിയാണെന്ന് വ്യക്തമാക്കുന്നതാണ് എം.എ.ബേബിയുടെ വാക്കുകൾ.