തിരുവനന്തപുരം:വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇനി കിഫ്ബി സി.ഇ.ഒ പദവിയിൽ തുടരില്ലെന്ന് കെ.എം.എബ്രഹാം വ്യക്തമാക്കി. 2018 ജനുവരി ഒന്നുമുതൽ മൂന്നുവർഷത്തേക്കാണ് കെ.എം.എബ്രഹാമിനെ നിയമിച്ചത്. അടുത്ത മാസം 31 ന് കാലാവധി പൂർത്തിയാകും. ഇനി തുടരില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കിഫ്ബിക്കെതിരായ ആക്രമണം പ്രതിപക്ഷം കടുപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളം വാങ്ങുന്ന സി.ഇ.ഒയെയും പരാമർശിച്ചിരുന്നു. എല്ലാവർഷവും ശമ്പളം പത്ത് ശതമാനം വർദ്ധിപ്പിക്കുന്നതിനെയും വിമർശിച്ചിരുന്നു.
ആക്സിസ് ബാങ്ക് തട്ടിപ്പ് കേസിൽ എൽ.ഐ.സി മുൻ ചെയർമാൻ ടി.എസ് വിജയനെതിരെയുള്ള സി.ബി.ഐ -എൻഫോഴ്സ്‌മെന്റ് കേസിന്റെ തുടർച്ചയായി അദ്ദേഹം ബോർഡ് അംഗമായ കിഫ്ബിയിലും അന്വേഷണം വരുമെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെയല്ലാം പശ്ചാത്തലത്തിലാണ് എബ്രഹാം പിന്മാറുന്നതെന്നാണ് സൂചന.
2016 ആഗസ്‌റ്റ് 25നാണ് എസ്. എം. വിജയാനന്ദ് ചീഫ് സെക്രട്ടറിയായിരിക്കേ അഡിഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ കിഫ്ബി സി.ഇ.ഒ ആക്കുന്നത്. 1982 ബാച്ച് ഐ.എ.എസുകാരനായ അദ്ദേഹം 2017 ഡിസംബറിൽ സർവീസിൽ നിന്ന് വിരമിക്കുമ്പോഴാണ് വീണ്ടും മൂന്നു വർഷത്തേക്ക് നിയമിക്കുന്നത്. അതോടൊപ്പം ധനകാര്യ വകുപ്പ് എക്സ് ഒഫിഷ്യോ സെക്രട്ടറി ( ഇൻഫ്രാസ്ട്രക്ചർ ) ആയും നിയമിച്ചിരുന്നു.
വിരമിച്ച ശേഷം കെ.എം.എബ്രഹാം മുംബയിൽ സ്വന്തം സ്ഥാപനം നടത്താൻ ഉദ്ദേശിച്ചിരുന്നു എന്നും സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നതിനാലാണ് തങ്ങൾ നിർബന്ധിച്ച സി.ഇ.ഒ സ്ഥാനം ഏറ്രെടുത്തതെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.