തിരുവനന്തപുരം:വാശിയേറിയ പോരാട്ടം നടക്കുന്ന കോർപറേഷനിൽ ഭരണം നിലനിറുത്താൻ അഭിമാനപോരാട്ടം നടത്തുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സംഗമത്തിലൂടെ പ്രചാരണരംഗത്ത് ഒരുപടി കൂടി മേൽകൈ നേടി. എല്ലാ സ്ഥാനാർത്ഥികളെയും ഘടകകക്ഷി നേതാക്കളെയും ഒരേ വേദിയിൽ അണിനിരത്തിയായിരുന്നു എൽ.ഡി.എഫ് ആദ്യഘട്ടത്തിൽ തങ്ങളുടെ ശക്തി തെളിയിച്ചത്. പനിബാധിച്ചതിനാൽ കരമന വാർഡിലെ സ്ഥാനാർത്ഥി ഗീത ഒഴികെ 99 പേരും പരിപാടിയിൽ പങ്കെടുത്തു. പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിലായിരുന്നു പരിപാടി.
സംസ്ഥാനം മാത്രമല്ല, രാജ്യം ഉറ്റുനോക്കുന്ന മത്സരമാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് നടക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ശക്തമായ സംഘടനാപ്രവർത്തനം താഴേതട്ടിൽ നടത്തണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.ശിവൻകുട്ടി സ്ഥാനാർത്ഥികളെ പേരുവിളിച്ച് പരിചയപ്പെടുത്തി. വാർഡ് നമ്പർ ക്രമത്തിലായിരുന്നു സ്ഥാനാർത്ഥികളുടെ ഇരിപ്പിടം. പേരു വിളിക്കുന്ന മുറയ്ക്ക് എഴുന്നേറ്റ് നിന്ന് സ്ഥാനാർത്ഥികൾ കൈകൂപ്പി. മറ്റുചിലർ മുഷ്ടി ചുരുട്ടി സദസിനെ അഭിവാദ്യം ചെയ്തു. ഈസമയം വേദിക്ക് പിറകിലെ വലിയ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. ചുവന്ന റോസാപ്പൂക്കൾ നൽകിയാണ് പോരാളികളെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.കെ.പ്രശാന്ത് എം.എൽ.എ, ഘടകക്ഷി നേതാക്കളായ കെ. പ്രകാശ്ബാബു, ഡോ.എ.നീലലോഹിതദാസ്, വി.സുരേന്ദ്രൻപിള്ള, ഉഴമലയ്‌ക്കൽ വേണുഗോപാൽ, സ്റ്റീഫൻ ജോർജ്,നന്ദിയോട് സുഭാഷ് ചന്ദ്രൻ, എം.എം.മാഹീൻ, സതീഷ് കുമാർ, എസ്.വി.സുരേന്ദ്രൻനായർ,കല്ലട നാരായണപിള്ള, മലയിൻകീഴ് നന്ദകുമാർ എന്നിവർ സംസാരിച്ചു.
കൊവിഡിന് ശേഷം നഗരം ഉണർന്നു
കൊവിഡ് വ്യാപനത്തിന് ശേഷം നഗരമദ്ധ്യത്തിൽ നടക്കുന്ന പൊതുപരിപാടിയായിരുന്നു ഇടത് സ്ഥാനാർത്ഥി സംഗമം. പുത്തരിക്കണ്ടം മൈതാനവും പഴവങ്ങാടിയും ഏഴ് മാസത്തിനു ശേഷമാണ് പന്തൽകെട്ടിയുള്ള ആൾക്കൂട്ട ഒത്തുചേരലിന് സാക്ഷ്യംവഹിക്കുന്നത്. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നിയന്ത്രങ്ങളുടെ നാളുകളായിരുന്നു. ഇളവുകൾ വന്നെങ്കിലും നിരോധനാജ്ഞ നിലനിന്നതിനാൽ ആൾക്കൂട്ട പരിപാടികളുണ്ടായിരുന്നില്ല. ഞായറാഴ്ച അർദ്ധരാത്രി നിരോധനാജ്ഞ കഴിഞ്ഞതോടെയാണ് ഇന്നലെ എൽ.ഡി.എഫ് പരിപാടി സംഘടിപ്പിച്ചത്.