കൊല്ലം: വനിതാ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ചിതറ ചൂഴിയക്കോട് അരിപ്പ രാജീവ് ഭവനിൽ രാജീവ് (32) ആണ് അറസ്റ്റിലായത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: എസ്.ടി വിഭാഗത്തിൽപ്പെട്ട വനിതാ ഓട്ടോ ഡ്രൈവറെയാണ് രാജീവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിനായിരുന്നു സംഭവം. ഓട്ടം പോയി മടങ്ങവേ അരിപ്പയ്ക്ക് സമീപം വഴിയിൽ പുതഞ്ഞുപോയ ഓട്ടോറിക്ഷ ചതുപ്പിൽ നിന്ന് കയറ്റാൻ വനിതാ ഓട്ടോ ഡ്രൈവർ മുമ്പ് ഓട്ടോ ഡ്രൈവറായിരുന്ന പ്ളാന്റെഷൻ ജീവനക്കാരൻ രാജീവിന്റെ സഹായം തേടി.ഓട്ടോ ചതുപ്പിൽ നിന്ന് കയറ്റാൻ സഹായിച്ച ഇയാൾ വിജനമായ സ്ഥലത്ത് വച്ച് വനിതാ ഡ്രൈവറെ കടന്നുപിടിക്കുകയും ബലം പ്രയോഗിച്ച് പ്ളാന്റേഷൻ കോർപ്പറേഷൻ വകയായുള്ള ഇയാളുടെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചു.ചെറുത്ത് നിന്ന യുവതി ബഹളം കൂട്ടി .യുവതിയുടെ ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ രാജീവ് ഓടി രക്ഷപ്പെട്ടു. യുവതി കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ കടയ്ക്കൽ സി.ഐ രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി പുനലൂർ ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.