ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കാണിച്ച് ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്തയച്ചത് വിവാദമായി. ഗതാഗത മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ കത്ത് അയച്ചതിനെക്കുറിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചിരിക്കെ,​ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഇത് ആയുധമാക്കി സർക്കാരിനെതിരെ പ്രചാരണം തുടങ്ങി.

സെപ്തംബറിലെ ശമ്പള വിതരണത്തിന് അധിക തുക വേണമെന്ന കെ.എസ്.ആർ.ടി.സിയുടെ കത്തിനു മറുപടിയായാണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറുപടി അയച്ചിരിക്കുന്നത്.

എല്ലാ ആവശ്യങ്ങൾക്കും സർക്കാർ സഹായംനൽകണം എന്ന സമീപനം അംഗീകരിക്കാനാകില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് ചെലവുകൾ കണ്ടെത്താനുള്ള സാദ്ധ്യതകൾ മാനേജ്മെന്റുകൾ പരിശോധിക്കണം. സർക്കാർ ഗ്യാരന്റി ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കാം. കൊവിഡ് കാലത്ത് സർവീസ് കുറവായതിനാൽ അതിനനുസൃതമായി ശമ്പളം കുറവു ചെയ്യുന്ന വിഷയത്തിൽ വിശദമായ നിർദ്ദേശം സമർപ്പിക്കണമെന്നും നിലവിൽ എത്ര താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുവെന്ന് അറിയിക്കണമെന്നുമാണ് അണ്ടർ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കത്ത് അയച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ മാസം 27ന് അയച്ച കത്തിന്റെ കോപ്പി ഇന്നലെ രാത്രിയാണ് പ്രചരിച്ചുതുടങ്ങിയത്. റഫറണ്ടം കഴിഞ്ഞ ശേഷം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് കോർപറേഷനിൽ നടക്കുന്നതെന്നാണ് ഐ.എൻ.ടി.യു.സി ആരോപിക്കുന്നത്. അത്തരത്തിലൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇപ്പോഴത്തേത് റഫറണ്ടം മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കളിയാണെന്നും ഓഫീസ് അറിയിച്ചു.