ബംഗളൂരു: കന്നഡ സിനിമ- സീരിയൽ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയുടെ കുരുക്ക് അഴിക്കാനാവാത്തവിധം മുറുകി. ബിനീഷ് റിമാൻഡിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ഇന്നലെ എൻ.സി.ബി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു സിറ്റി സെഷൻസ് കോടതി ഈമാസം 20 വരെ ബിനീഷിനെ എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്ത ശേഷം ബിനീഷിനെ പ്രതിയാക്കുമെന്നാണ് സൂചന.
കന്നഡ സീരിയൽ നടി അനിഖ, കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ പ്രതികളായ കേസിലാണ് നടപടി. ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് നാടകീയമായി എൻ.സി.ബി ഇന്നലെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനും കോടതിനടപടികൾക്കുമായി ഒരേസമയം രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു എൻ.സി.ബി നീക്കം. കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യംചെയ്യലിനായി എൻ.സി.ബി മേഖലാ ആസ്ഥാനത്തെത്തിച്ചു. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കേസെടുത്താൽ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും.
മയക്കുമരുന്ന് കേസിലെ രണ്ടാംപ്രതി അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. മയക്കുമരുന്നിടപാടുകൾ നടത്തിയ ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്മെന്റ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ പണം നൽകിയത് ബിനീഷാണെന്നും താൻ വെറും ബിനാമിയാണെന്നും ബിനീഷാണ് ബോസെന്നും എൻഫോഴ്സ്‌മെന്റിന് അനൂപ് മൊഴി നൽകിയിരുന്നു. ആഫ്രിക്കയിൽ നിന്ന് ലഹരിമരുന്നെത്തിച്ച് അനൂപ് ബംഗളൂരുവിൽ വ്യാപാരം നടത്തിയെന്ന് എൻ.സി.ബിയും ബിനീഷുമായി ചേർന്ന് ലഹരിവ്യാപാരം നടത്തിയതായി അനൂപ് സമ്മതിച്ചിട്ടുണ്ടെന്ന് ഇ.ഡിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ അനൂപും മറ്ര് രണ്ടുപേരും ചേർന്ന് നടത്തിപ്പ് ഏറ്റെടുത്ത റോയൽ സ്യൂട്ട്സിൽ ബിനീഷടക്കം നിരവധി പ്രമുഖർ സന്ദർശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായും എൻ.സി.ബിക്ക് വിവരംകിട്ടിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഹോട്ടൽ.
മൊഴികളിലെ തെളിവ്
ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. റോയൽ സ്യൂട്ട്‌സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോ, ബിനീഷ് സ്ഥിരമായി ഇവിടം സന്ദർശിച്ചിരുന്നതായും ലഹരി ഉപയോഗിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. കർണാടക സ്വദേശിയായ കൃഷ്ണഗൗഡ ബിനീഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് എൻ.സി.ബിക്കും മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
ആഗസ്റ്റ് 21നാണ് റോയൽ സ്യൂട്ട്സിന്റെ 205-ാംനമ്പർ മുറിയിൽ നിന്ന് അനൂപിനെ മയക്കുരുന്നുമായി എൻ.സി.ബി അറസ്റ്റ് ചെയ്തത്. പണമിടപാട് അന്വേഷിക്കണമെന്ന് എൻ.സി.ബി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇ.ഡി ഒക്ടോബർ 29ന് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
കേസ് കടുപ്പം
ബിനീഷിന്റെ നഖം, മുടി, ചർമ്മം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനാണ് നീക്കം
മയക്കുമരുന്ന് കേസെടുത്താൽ ഉടനെങ്ങും ജാമ്യം കിട്ടില്ല. 10 വർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്