vote

പാറശാല: പത്തു വർഷം മുമ്പ് നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാൻ അൻസജിതയും നിലനിർത്താൻ എൽ.ഡി.എഫും ശക്തി തെളിയിക്കാൻ ബി.ജെ.പിയും വെള്ളറട ജില്ലാഡിവിഷനിൽ കളത്തിലിറങ്ങിയിരിക്കുകയാണ്. മുമ്പ് ഇതേ ഡിവിഷനിൽ ഹാട്രിക്ക് വിജയം കരസ്ഥമാക്കിയ അൻസജിതയെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. വെള്ളറട, പൂവച്ചൽ ഡിവിഷനുകളിലായി അഞ്ച് തവണ മത്സരിച്ച് വിജയിച്ച അനുഭവപരിചയവും ഉണ്ട്. 1995 മുതൽ 2010 വരെ വെള്ളറടയിൽ നിന്നും 2010 മുതൽ 2020 വരെ പൂച്ചൽ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്. ജില്ലാപഞ്ചായത്ത് ഭരണസമതിയിൽ 2013 മുതൽ 2015 വരെ പ്രസിഡന്റുമായി. കലാലയ രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പടിപടിയായി പാർട്ടിയിലെ വിവിത നേതൃത്വ ചുമതലകൾ ഏറ്റെടുത്ത അൻസജിതാ നിലവിൽ എ.ഐ.സി.സി അംഗവും കെ.പി.സി.സി സെക്രട്ടറിയുമാണ്.

എൽ.ഡി.എഫിൽ ഘടകകഷിയായ സി.പി.ഐ മത്സരിച്ചിരുന്ന സീറ്റ് ഇത്തവണ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനായി നൽകിയിരിക്കുകയാണ്. പാർട്ടിയുടെ ജില്ലാപ്രസിഡന്റ് സഹായദാസാണ് സ്ഥാനാർത്ഥി. വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി യിലൂടെ യാണ് പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം, കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള സഹായദാസ് നിലവിൽ കട്ടക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.
കന്നിക്കാരനായ പി.സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ബാല്യകാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റ പ്രവർത്തകനായിരുന്ന സുരേന്ദ്രൻ. തിരുവന്തപുരം സ്റ്റാച്യുവിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഘടനകളുടെ വിവിധ നേതൃ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഒ.ബി.സി മോർച്ച പാറശാല നിയോജക മണ്ഡലം പ്രസിഡന്റാണ്. വെള്ളറട പഞ്ചായത്ത് പൂർണമായും ആര്യൻകോടിലെ 11 വാർഡ്, അമ്പൂരിയിലെ 10 വാർഡ്, ഒറ്റശേഖരമംഗലത്തെ എട്ട് വാർഡ്, കുന്നത്തുകാലിലെ മൂന്ന് വാർഡ് എന്നിവ ഉൾപ്പെട്ട 55 വാർഡുകളാണ് ഈ ഡിവിഷനിലുള്ളത്. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധിയായ കെ.വി.വിജിത്ര 1592 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ.വി.വിജിത്രയ്ക്ക് 24,​018 വോട്ടുകളും എതിർ സ്ഥാനാർത്ഥികളായ കോൺഗ്രസിലെ എസ്.അജിതയ്ക്ക് 22,​426 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥിയായ യു.ഗീതുവിന് 9,​959 വോട്ടുകളുമാണ് ലഭിച്ചത്.