1879-ൽ ഡോക്ടർ എച്ച്.സി. അല്ലൻ രചിച്ച പനികളുടെ ചികിത്സ, ഇടവിട്ടു വരുന്ന പനിയുടെ ചികിത്സ എന്നീ ഹോമിയോ ഗ്രന്ഥങ്ങൾ ഈ രംഗത്തെ വിജ്ഞാനസ്തംഭങ്ങളാണ്. വിവിധതരം പനികളുടെ ചികിത്സയ്ക്കായി ഇവയിൽ നൂറിലേറെ ഔഷധങ്ങൾ സൂക്ഷ്‌മമായും വിശദമായും പ്രതിപാദിച്ചിരിക്കുന്നു.
ഈ പുസ്തകങ്ങളുടെ അവസാന ഭാഗത്ത് പകർച്ചപ്പനികൾക്ക് പതിനഞ്ച് മരുന്നുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഏതുകാലത്തെയും പകരുന്ന പനികൾക്ക് മുഖ്യമായും ഇവ മതിയാകും.
ഏതെങ്കിലുമൊരു പകർച്ചവ്യാധിയുടെ ആരംഭത്തിൽ ഭൂരിപക്ഷം രോഗികളിലും കണ്ടുവരുന്ന രോഗലക്ഷണങ്ങൾക്ക് യോജിക്കുന്ന ഔഷധത്തെ ആ അസുഖത്തിന്റെ പൊതുമരുന്ന് (Genus Edpidemicus) എന്നാണ് ഹോമിയോപ്പതിയിൽ പറയുന്നത്. ഈ ഒരൊറ്റ ഔഷധം കൊണ്ട് മിക്കവരിലെയും സുഖക്കേട് ശമിപ്പിക്കാനാവും.
ഇതേ മരുന്നിന്റെ ഉയർന്ന ആവർത്തനം സമീപസ്ഥർക്കു നൽകിയാൽ അധികം പേരിലും വ്യാധി പകരുകയുമില്ല. അഥവാ പകർന്നാൽത്തന്നെ അത് ഗുരുതരമാവില്ല.
രോഗാണുവേതെന്ന് കണ്ടുപിടിച്ചല്ല ഒരു രോഗത്തിനും ഹോമിയോപ്പതിയിൽ ചികിത്സിക്കുന്നത്. നേരേമറിച്ച്, രോഗി പ്രകടിപ്പിക്കുന്ന മാനസികവും ശാരീരികവുമായ ലക്ഷണങ്ങൾ ശ്രദ്ധിച്ചാണ്. ഏത് ലബോറട്ടറി ടെസ്റ്റിനെക്കാളും ആധികാരികവും മികച്ചതുമാണ് രോഗബാധിതൻ പുറമേക്ക് പ്രകടിപ്പിക്കുന്ന അക്ഷമ, ഭയം, കോപം, സങ്കടം മുതലായ മാനസിക ലക്ഷണങ്ങൾ. രോഗിയുടെ മനസും വ്യക്തിത്വവുമാണ് ഇവ വെളിപ്പെടുത്തുന്നത്. ഇവയ്ക്കാണ് ഏറ്റവുമാദ്യം ആശ്വാസം ലഭിക്കേണ്ടത്. അത് സാദ്ധ്യമായാൽ മറ്റു രോഗലക്ഷണങ്ങളെല്ലാം താമസിയാതെ സുഖപ്പെട്ടുകൊള്ളും.
പനിയുടെ ആരംഭത്തിലുള്ള സൂചനകൾക്ക് അനുയോജ്യമായ ഔഷധം നൽകി നിയന്ത്രിക്കാത്ത ജ്വരങ്ങളാണ് പുരോഗമിച്ച് ശ്വാസകോശങ്ങൾ, ഹൃദയം, തലച്ചോറ് മുതലായ പ്രധാന ആന്തരികാവയവങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്നത്. പനി മാറിയാലും പൂർണ സുഖം ലഭിക്കാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെ.
പനി ബാധിച്ചവർക്ക് യൂപ്പറ്റോറിയം പെർഫ് (ഛർദിയോടെ തുടങ്ങിയത്), റസ്‌ടോക്സ് (സന്ധികളുടെ വേദനയോടെയുള്ളത്) ആഴ്സ് ആൽബ് (ശ്വാസോഛ്വാസം ചെയ്യാൻ പ്രയാസമുള്ളത്), നാട്രംമൂർ (കടുത്ത തലവേദന മൂലം കരയുന്നത്) എന്നീ ഔഷധങ്ങളാണ് നൽകേണ്ടത്. ഡോക്ടർ അല്ലൻ പകർച്ചപ്പനികൾക്ക് സൂചിപ്പിച്ചിട്ടുള്ളതാണ് ഇവയെല്ലാം. മരുന്ന് ഫലിക്കാത്ത അവസ്ഥ തരണം ചെയ്യുന്നതിന് ആദ്യം ഒരു ഡോസ് സൾഫർ കൂടി നൽകിയിട്ടുണ്ട്.
പൂർണമായി വിശ്രമിക്കുക, കുളിക്കാതിരിക്കുക, എയർ കണ്ടീഷൻ ഒഴിവാക്കുക, എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതുമായ ആഹാരം കഴിക്കുക, വിശപ്പുള്ളപ്പോൾ മാത്രം മിതമായും നല്ലതുപോലെ ചവച്ചരച്ചും അവ ഭക്ഷിക്കുക, ശുദ്ധവായുവും സൂര്യവെളിച്ചവും കിട്ടുന്നതും ശുചിത്വമുള്ളതുമായ മുറിയിൽ കഴിയുക, ദഹനത്തകരാർ വരാതിരിക്കാൻ മത്സ്യവും മാംസവും മുട്ടയും ബേക്കറി ഉത്‌പന്നങ്ങളും വർജിക്കുക എന്നിവ ചികിത്സാകാലത്ത് നിർബന്ധമായും പാലിക്കേണ്ട പഥ്യങ്ങളാണ്. രോഗങ്ങൾ ശമിക്കുന്നത് ഔഷധങ്ങളും ആഹാരവിഹാരാദികളിൽ അനുഷ്ഠിക്കുന്ന ചിട്ടകളും സമ്മേളിക്കുമ്പോഴാണെന്ന ആയുർവേദ തത്വം നാം സദാ ഓർക്കേണ്ടതാണ്.
എന്താണ് പനി?
തെറ്റായ ജീവിതരീതിയിലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും വിഷങ്ങളും കത്തിച്ചുകളയാൻ ദേഹം നടത്തുന്ന ഒരു ശുദ്ധീകരണ ശ്രമമാണ് പനി. ഒരു ജനസമൂഹത്തെയാകെ ഒന്നിച്ച് സംശുദ്ധമാക്കാൻ നമ്മുടെയെല്ലാം മാതാവായ പ്രകൃതിയുടെ ഉദ്യമമാണ് പകർച്ചപ്പനി.
ദേഹത്തിലെ ഉയർന്ന ഊഷ്മാവ് എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതല്ല പനിയുടെ ചികിത്സ. ആ ചൂട് വിവേകപൂർവം കുറച്ചുകൊണ്ടുവരികയാണ് വേണ്ടത്. ഇത് ഹോമിയോപ്പതിയിലെ നാമമാത്ര മരുന്നുകൾ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കും.
ഈവിധം പനികൾ സൗമ്യമായി ശമിപ്പിച്ചാൽ അവ സുഖമാകുന്നതോടെ നല്ല വിശപ്പും നവോന്മേഷവും നമുക്ക് കൈവരും. പല ജീവിതശൈലീരോഗങ്ങളും പ്രതിരോധിക്കാനും തുടക്കത്തിലേ ഇല്ലാതാക്കാനും ഇതിലൂടെ കഴിയുന്നതാണ്.
കൊവിഡിന്റെ ചികിത്സയ്ക്ക് മോഡേൺ മെഡിസിൻ മാത്രമേ പാടുള്ളൂവെന്ന സർക്കാരിന്റെ നിബന്ധന ശരിയല്ല. മറ്റു ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കാൻ സന്ദർഭം നൽകാതെ എങ്ങനെയാണ് അവ വിജയിക്കുമോ ഇല്ലയോ എന്നറിയുക?