ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ പല രീതിയിൽ ഛിദ്രശക്തികൾ ശ്രമിച്ചപ്പോൾ കേരളകൗമുദി അതിനോട് വിയോജിച്ചു. അതേസമയം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ തന്ത്രപൂർവം ഇ.എം.എസ് കെണിയൊരുക്കിയപ്പോൾ മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് പത്രാധിപർ കെ. സുകുമാരൻ ഗർജിച്ചത് കുളത്തൂർ പ്രസംഗമെന്ന പേരിൽ ചരിത്രമായി മാറി. ഇ.എം.എസ് അന്ന് പിൻവാങ്ങിയെങ്കിലും പിന്നീട് വന്ന പല സർക്കാരുകളും പിന്നാക്ക ദ്രോഹം തുടരുകയായിരുന്നു.
നേരിട്ട് പിന്നാക്കക്കാരെ ദ്രോഹിച്ചാൽ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് സൂത്രശാലികളായ സവർണതാത്പര്യമുള്ള നേതാക്കൾക്ക് അറിയാം. അതിനാൽ അവർ തന്ത്രപൂർവം കരുക്കൾ നീക്കി സമർത്ഥരായ പിന്നാക്കക്കാരെ സ്ഥാനാർത്ഥിപ്പട്ടികയിൽ വരാതെ നോക്കും. ഇക്കാര്യത്തിൽ ഇടതുവലതു ഭേദങ്ങളില്ല. പാവം പിന്നാക്കക്കാർ ആത്മാർത്ഥതയും കൂറും ഉള്ളവരായതിനാൽ ചോദ്യം ചെയ്യാൻ മടിക്കും. ഇതു മറയാക്കി പല രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും പിന്നാക്ക ദ്രോഹം തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനം കാണാം. ഈ വിവേചനം തുറന്നുകാട്ടാൻ കേരളകൗമുദി മുന്നോട്ടുവന്നത് ധീരമായ നടപടിയാണ്. ഈഴവർ, വിശ്വകർമ്മജർ, നാടാർ സമുദായം തുടങ്ങിയുള്ള പിന്നാക്കക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്കുവേണ്ടി ശബ്ദിക്കാനും കേരളകൗമുദി മാത്രമേയുള്ളൂ എന്നതാണ് സത്യം. കോൺഗ്രസ് പിന്നാക്കക്കാരെ സ്ഥാനാർത്ഥിപ്പട്ടികയിൽ വെട്ടിനിരത്തിയതും ഇടതുപക്ഷം അർഹിക്കുന്ന പങ്കാളിത്തം നൽകാത്തതും തുറന്നുകാട്ടാനുള്ള തന്റേടം അഭിനന്ദനീയമാണ്. പത്രാധിപർ കെ. സുകുമാരന്റെ പാത പിന്തുടരുന്ന കേരളകൗമുദിക്ക് നിശബ്ദരായ വലിയൊരു സമൂഹത്തിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകും. ഇത്തരം വിവേചനം ആവർത്തിക്കാതിരിക്കാൻ ഈ അക്ഷര കാവൽ സഹായകമാകും.
പി.കെ. കാർത്തികേയൻ,
ഓച്ചിറ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കരുത്
ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിന്റ ആവേശത്തിലാണ് കേരളം. 1, 199 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 21, 865 ജനപ്രതിനിധികളെ 2, 71, 20, 823 സമ്മതിദായകർ അടുത്തമാസം മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വാശിയേറിയ പോരാട്ടത്തിലൂടെ തിരഞ്ഞെടുക്കും.
കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന വാശിയേറിയ തിരഞ്ഞെടുപ്പ് സർക്കാരിനും ആരോഗ്യവകുപ്പിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പു രംഗം ചൂടുപിടിക്കുന്നതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കളത്തിലിറങ്ങാനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞു കൂടാ.
കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ഇത്തവണ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക എന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് ദിവസങ്ങൾ അടുക്കുംതോറും സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടും. കവലകൾ രാഷ്ട്രീയപ്രവർത്തകർ കൈയടക്കും. മാസ്കും ഗ്ലൗസും ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ സ്വാഭാവികമായും കാറ്റിൽ പറക്കും. ഇതു വലിയ പ്രത്യാഘാതത്തിനാണ് ഇടവരുത്തുക.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ജാഗ്രതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഓരോ രാഷ്ട്രീയ പ്രവർത്തകരും മനസുവച്ചാലേ ആരോഗ്യകരമായ രീതിയിൽ കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയൂ.
പാറൽ അബ്ദുസ്സലാം സഖാഫി,
തൂത, മലപ്പുറം