കണ്ണൂർ: കൊവിഡ് 19 പ്രോട്ടോക്കോളിന്റെ നടത്തിപ്പിനായി സർക്കാർ നടപ്പിലാക്കിയ സെക്ടർ മജിസ്ട്രേറ്റ് സംവിധാനം അവസാനിപ്പിച്ചു. ഇതോടെ നിയമലംഘന സാദ്ധ്യത ഏറി. കൊവിഡ് നിരക്ക് ഏറുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൃതല പഞ്ചായത്ത് തലത്തിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സംസ്ഥാനത്താകമാനം സെക്ടർ മജിസ്ട്രേറ്റുമാരായി നിയമിച്ചത്. ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകർ, കൃഷി ഓഫീസർമാർ, എക്സൈസ് ഇൻസ്പെക്ടർമാർ എന്നിങ്ങനെ പലരും ഇങ്ങനെ നിയമനം നേടിയവരിൽ ഉൾപ്പെട്ടിരുന്നു.
പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ മൂന്നു മാസത്തേക്കായിരുന്നു നിയമനം. എന്നാൽ ഈ മാസം 15 ഓടെ ഈ സംവിധാനം അവസാനിപ്പിച്ചതായി സർക്കാർ വ്യക്തമാക്കുകയായിരുന്നു. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കൽ, കടകളും സൂപ്പർമാർക്കറ്റുകളും കൊവിഡ് മാനദണ്ഡം പാലിക്കാതിരിക്കൽ തുടങ്ങി 15 ഓളം നിയമ ലംഘനങ്ങളെ കർശനമായി നേരിടുന്നതിന് ഈ സംവിധാനം ഫലപ്രദമായിരുന്നു. പ്രതിദിനം 50നും 300നും ഇടയിൽ കേസുകൾ ഓരോ പഞ്ചായത്ത് പരിധിയിലും, അതിലുമേറെ കേസുകൾ മുൻസിപ്പൽ, കോർപ്പറേഷൻ പരിധികളിലും രജിസ്റ്റർ ചെയ്തിരുന്നു. പ്രത്യേക വാഹനവും പൊലീസ് സുരക്ഷയും കേസ് രജിസ്റ്റർ ചെയ്യാനുള്ള അധികാരവും നൽകിയിരുന്നതിനാൽ പ്രാദേശിക തലത്തിൽ ഗണ്യമായ നിലയിൽ കൊവിഡിനെ കുറച്ചുകൊണ്ടുവരാൻ ഈ സംവിധാനത്തിന് സാധിച്ചിരുന്നു. ഒപ്പം കൊവിഡിന് എതിരായ ബോധവത്ക്കരണ പ്രക്രിയയുടെ ഫലപ്രദമായ ഉപാധിയായി ഇത് മാറിയിരുന്നു. ഈ രണ്ടു സംവിധാനവുമാണ് ഇപ്പോൾ സർക്കാർ നയത്തിലൂടെ ഇല്ലാതായിരിക്കുന്നത്.
കടകളിലും മറ്റും ആൾക്കൂട്ടം ഏറിയതാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. കട ഉടമയും ഉപഭോക്താവും തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുന്ന നിലയിൽ കയർ കെട്ടി വേർതിരിക്കണമെന്ന നിർദ്ദേശവും പലയിടത്തും ലംഘിക്കപ്പെട്ടു. സെക്ടർ മജിസ്ട്രേറ്റുമാർ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ മാസ്ക് ധരിക്കാത്തവരുടെ എണ്ണവും വർദ്ധിച്ചു. പൊലീസിനും ഈ വകുപ്പുകളിൽ കേസെടുക്കാൻ അധികാരമുണ്ടെങ്കിലും നിയമപാലന ചുമതലകൾക്കിടയിൽ കൊവിഡ് ലംഘനം പലപ്പോഴും അവർക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഈ കുറവാണ് സെക്ടർ മജിസ്ട്രേറ്റുമാരിലൂടെ പരിഹരിച്ചിരുന്നത്. അത്തരം നിയന്ത്രണങ്ങൾ ഇല്ലാതാവുകയും പഞ്ചായത്ത് തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ പാർട്ടി യോഗങ്ങളിലും മറ്റും ജനബാഹുല്യം ഏറിവരുന്നതിനാലും കൊവിഡ് വ്യാപന തോത് വർദ്ധിച്ചേക്കുമെന്ന ഭയം ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.