ചിറയിൻകീഴ്: കൊവിഡ് കാലമായതിനാൽ യാത്രക്കാരും ട്രെയിനുകളുടെ സ്റ്റോപ്പും ചിറയിൻകീഴിൽ കുറവാണെങ്കിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ റെയിൽവേയുടെ അലംഭാവം ഇപ്പോഴും തുടരുകയാണ്.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങൾ അധികൃതരുടെ മുൻപിൽ എത്തുമെങ്കിലും ചിലതിനെ പരിഗണിച്ചശേഷം മറ്റ് പലതിനെയും തഴയുകയാണ് കാലങ്ങളായി ചെയ്യാറുള്ളത്. കൊവിഡിന് മുൻപ് വരെ ദിനംപ്രതി ആയിരത്തിലധികം പേർ വന്നു പോവുകയും വരുമാനത്തിൽ തിരുവനന്തപുരത്തിനും - കൊല്ലത്തിനുമിടയിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് ചിറയിൻകീഴ്.
ഹൈവേയിൽ നിന്ന് എളുപ്പം എത്താൻ കഴിയുന്ന സ്റ്റേഷൻ എന്ന് പ്രത്യേകത യാത്രക്കാരുടെ ഇവിടേക്കുള്ള തിരക്ക് വർദ്ധിപ്പിക്കുന്നു.
ഇവിടെ കാന്റീൻ ഇല്ലാത്തതുകാരണം യാത്രക്കാർക്ക് ഒരു ചായ കുടിക്കണമെങ്കിൽ പോലും റെയിൽവേക്ക് പുറത്തുള്ള കടകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മതിയായ ഇരിപ്പിടങ്ങളുടെ അഭാവവും യാത്രക്കാരെ അലട്ടുന്നുണ്ട്. ടാപ്പുകൾ ഉണ്ടെങ്കിലും പലപ്പോഴും പൈപ്പുകളിൽ വെള്ളം കാണില്ല. ട്രെയിനുകളുടെ സമയ ക്രമം കൃത്യമായി അറിയാൻ യാത്രക്കാർക്ക് ഏറെ സഹായകമായിരുന്ന ടച്ച് സ്ക്രീൻ പ്രവർത്തനരഹിതമായിട്ട് നാളുകളായി. ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം കേട്ടതായി പോലും അധികൃതർക്ക് ഭാവമില്ല.