ശ്രീനാരായണ ഗുരുവിനെ ഇതര ഭാരതീയ ഗുരുക്കന്മാരിൽ നിന്നും വ്യതിരിക്തനാക്കുന്നത് ആത്മീയതയിൽ അടിയുറച്ചുകൊണ്ടുള്ള സാമൂഹിക വീക്ഷണവും ലോകസംഗ്രഹ പ്രവർത്തനങ്ങളുമാണ്.
മറ്റൊരു ഗുരുവും പറയാത്ത ഒരു സന്ദേശം, അവശതകൾ പരിഹരിക്കുവാൻ ''സംഘടിച്ചു ശക്തരാകുവിൻ, വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ" എന്നും മഹാഗുരു ഉപദേശിച്ചു. തികഞ്ഞ അവഗണനയും സാമൂഹിക അനീതിയും അനുഭവിക്കുന്ന അധഃസ്ഥിത പിന്നാക്ക ദളിത് വിഭാഗങ്ങൾ എല്ലാവിധമായ ഭേദചിന്തകളും മറന്ന് ഒന്നായി സംഘടിത ശക്തിയായി സമരം ചെയ്യേണ്ട കാലമാണിത്. ഒരു സന്യാസി പറയേണ്ട കാര്യമാണോ ഇതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. സന്യാസി എന്നാൽ ത്യാഗി, പരോപകാരാർത്ഥം പ്രയത്നിക്കുന്നവൻ" എന്ന് സന്യാസത്തിന് പുതുനിർവചനം നൽകിയ ഒരു മഹാഗുരുവിന്റെ ശിഷ്യപരമ്പരയിലെ അംഗമാണ് ഞാൻ. അനീതി കാണുമ്പോൾ, അതിന്റെ തീവ്രത അറിയുമ്പോൾ ഒരു ശ്രീനാരായണ ഭക്തന് എങ്ങനെ പ്രതികരിക്കാനാകാതിരിക്കും.
വർഷങ്ങളായി സവർണ സമുദായങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാമ്പത്തിക സംവരണം പാർട്ടി ഭേദമില്ലാതെ മുഴുവൻ പാർലമെന്റംഗങ്ങളും ഒരേ സ്വരത്തിൽ പാസാക്കിയെടുത്തു. ഏതോ പാർട്ടിയുടെ മൂന്നംഗങ്ങൾ മാത്രം എതിർത്തുവത്രേ. ഈ സാമ്പത്തിക സംവരണ ബിൽ പാസാക്കുമ്പോൾ പാർലമെന്റിലെ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നാക്ക ദളിത് വിഭാഗത്തിൽപ്പെടുന്ന അംഗങ്ങൾ വിചാരിച്ചുകാണില്ല ഈ ബിൽ തങ്ങളുടെ മക്കളും കൊച്ചുമക്കളുമടങ്ങിയ തലമുറകളുടെ ഉദ്യോഗലബ്ധിക്ക് വിനയായിത്തീരും എന്ന സത്യം.
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിൽ കേരള മുഖ്യമന്ത്രിയായിരുന്ന, ബുദ്ധിരാക്ഷസനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നുവല്ലോ സാമ്പത്തിക സംവരണ വാദം അവതരിപ്പിച്ചത്. അതിനെ കേരളകൗമുദി പത്രാധിപരായിരുന്ന ഗുരുദേവ ഭക്തൻ കെ. സുകുമാരൻ ഇ.എം.എസിന്റെ മുൻപിൽ വച്ചുതന്നെ പ്രസിദ്ധമായ കുളത്തൂർ പ്രസംഗം വഴി ഖണ്ഡിച്ചൊതുക്കിയത് പിന്നാക്ക സമുദായങ്ങളുടെ ചരിത്രത്തിലെ ഒരദ്ധ്യായം തന്നെയാണ്.
പിന്നീട് പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് സഹായകമായ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പാസാക്കി. എന്നാൽ പിന്നാക്കക്കാർക്ക് ദോഷം വരുന്ന ക്രീമിലെയർ കൂടി വിപ്ളവ പാർട്ടികൾ ചേർന്ന് ഉൾപ്പെടുത്തിയതും ചരിത്രം. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം സാമ്പത്തികമായ പിന്നാക്കാവസ്ഥയല്ലല്ലോ. സാമൂഹികമായ പിന്നാക്കാവസ്ഥയാണ്. ദളിതനായ ഒരാൾ സാമ്പത്തിക പുരോഗതി നേടി സമൂഹത്തിലേക്ക് വരുന്നു. അവിടെ അദ്ദേഹം സവർണ സമുദായങ്ങൾക്കൊപ്പം ആദരണീയനാകുന്നില്ല. മറിച്ച് ദളിതനായ ഒരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനായി വന്നാൽ അവിടെ ജാതിമതഭേദമില്ലാതെ ആ പൊലീസ് ഉദ്യോഗസ്ഥനെ ആദരിക്കേണ്ടതായി വരുന്നു. എല്ലാ ഓഫീസുകളിലും ജോലി ചെയ്യുന്ന പിന്നാക്ക ദളിത് വിഭാഗങ്ങളും ഇപ്രകാരം ആദരിക്കപ്പെടുന്നു. അതിനാൽ സാമൂഹിക നീതിയുടെ മാനദണ്ഡം ധനമല്ല ഉയർന്ന ഉദ്യോഗങ്ങളാകുന്നു. മെരിറ്റിൽ കൂടി ഉദ്യോഗം നേടിയ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ എണ്ണം കുറവായിരിക്കും. കൂടുതൽ പേരും സംവരണം വഴി ഉദ്യോഗലബ്ധി നേടിയവരായിരിക്കും. ആ സംവരണത്തിന്റെ കടയ്ക്കലാണ് ഗവൺമെന്റ് കത്തിവച്ചിരിക്കുന്നത്. സവർണ സമൂഹത്തിലെ പാവങ്ങളെ സഹായിക്കാൻ ഗവൺമെന്റ് പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തണം.
ഏതെല്ലാം തലങ്ങളിൽ അവശതയുണ്ടോ അവിടെയെല്ലാം സാമ്പത്തികമായ സഹായം നൽകി സവർണരെ സഹായിക്കണം. അല്ലാതെ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാകരുത്. അങ്ങനെയായാൽ സംഭവിക്കുന്ന അനീതിയെക്കുറിച്ച് പലരും സൂചിപ്പിച്ചുകഴിഞ്ഞു. എസ്.എൻ.ഡി.പി യോഗം നേതാവും 1933ൽ നടന്ന സംയുക്ത രാഷ്ട്രീയ ലീഗിന്റെ നേതാവുമായിരുന്ന വി.കെ. വേലായുധന്റെ മകൻ വി.വി. ഗിരി കേരളകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു വിടാനുള്ളതല്ല. അവശതയനുഭവിച്ചിരുന്ന സമുദായങ്ങൾ അന്ന് സംഘടിത ശക്തിയായി നടത്തിയ സംയുക്ത സമരം പോലെ അസംഘടിത പിന്നാക്ക ദളിത് വിഭാഗങ്ങൾ എല്ലാവിധമായ വിഭാഗീയതകളും മറന്ന് ഒന്നിച്ചുനിന്ന് വരും തലമുറകൾക്ക് വേണ്ടി സംയുക്തമായ പ്രക്ഷോഭം നടത്തേണ്ട സമയമാണിത് എന്ന് ആ ലേഖനം സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
അധഃസ്ഥിത പിന്നാക്ക ദളിത് വിഭാഗങ്ങൾ തുല്യദുഃഖിതരാണ്. അവരെ ഓരോരോ രാഷ്ട്രീയ പാർട്ടികൾ വീതിച്ചെടുത്തിരിക്കുന്നു. അവരുടെ രാഷ്ട്രീയ വിശ്വാസം അങ്ങനെ തന്നെ നില്ക്കട്ടെ. പക്ഷേ ഈയൊരു കാര്യത്തിൽ രാഷ്ട്രീയം മറന്ന് എസ്.എൻ.ഡി.പി യോഗവും വിശ്വകർമ്മ, ധീവര, പുലയ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും ഒന്നിച്ചുനിന്ന് ഈ അനീതി തിരുത്തപ്പെടുന്നതുവരെ പ്രക്ഷോഭം നടത്തണം. അതു നിങ്ങളുടെ നിലനില്പിന്റെ കൂടി കാര്യമാണെന്ന് മനസിലാക്കുക. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന് ഉപദേശിച്ച ഒരു മഹാഗുരുവിന്റെ പരമ്പരയിൽപ്പെട്ട ഒരു സന്യാസി ജാതിപരമായ ഇത്രയും കാര്യങ്ങൾ കുറിച്ചത് - കുറിക്കേണ്ടിവന്നത് ജാതിഭേദം ഇല്ലാതാക്കാനും തുല്യമായ സാമൂഹിക നീതി കൈവരിക്കുന്നതിനും വേണ്ടിയാണെന്ന് ചിന്തിക്കുന്ന ആർക്കും മനസിലാകും.
(ലേഖകന്റെ ഫോൺ: 9447409973)